പദവി ദുരുപയോഗം ചെയ്തു; ഗണേഷ്കുമാറിനെതിരെ വിമൻ കലക്ടീവ് പരാതി നൽകും
text_fieldsതലശ്ശേരി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ഗണേഷ്കുമാറിനെതിരെ വിമൻ ഇൻ സിനിമ കലക്ടീവ് സ്പീക്കർക്ക് പരാതി നൽകും. ഗണേഷ്കുമാർ എം.എൽ.എ പദവി ദുരുപയോഗം ചെയ്യുകയും ഭരണഘടനാ ലംഘനം നടത്തുയും ചെയ്തു എന്നാണ് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവിന്‍റെ ആരോപണം.
ഇന്നലെ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ കലക്ടീവ് പ്രവർത്തകർ തലശ്ശേരിയിൽ യോഗം ചേർന്നിരുന്നു. ഇതിന് ശേഷം കലക്ടീവ് പ്രവർത്തക വിധു വിൻസന്‍റാണ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം അറിയിച്ചത്. ഇന്നോ നാളയോ സ്പീക്കറെ കണ്ട് പരാതി നൽകാനാണ് തീരുമാനം. പരാതിയിൽ നടപടി ഉറപ്പുവരുത്തുമെന്നും വിധു വിൻസന്‍റ് പറഞ്ഞു.
ഓണത്തലേന്ന് ദിലീപിനെ കാണാനെത്തിയ ഗണേഷ്കുമാർ ദിലീപിനെ പിന്തുണക്കാൻ സിനിമാപ്രവർത്തകർ രംഗത്ത് എത്താതിരുന്നതിനെ വിമർശിച്ചിരുന്നു. പൊലീസിനെയോ ചാനലുകളുടെ അന്തിചർച്ചകളെയോ ഭയക്കേണ്ടതില്ലെന്നും ദിലീപ് സഹായിക്കുകയും ദിലീപിന്‍റെ തോളിൽ കൈയിട്ട് നടക്കുകയും ചെയ്തിരുന്ന സുഹൃത്തുക്കൾ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തണമെന്നുമായിരുന്നു ഗണേഷ്കുമാരിന്‍റെ പ്രസ്താവന. ഇതിനുശേഷം നിരവധി സിനിമാപ്രവർത്തകരാണ് ദിലീപിന് പിന്തുണ അറിയിച്ചുകൊണ്ട് ജയിലിൽ സന്ദർശനത്തിനെത്തിയത്. ഗണേഷ്കുമാറിനെതിരെ അന്വേഷണ സംഘം സ്വമേധയാ കോടതിയിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.