സംസ്ഥാനത്തെ 14ൽ 10 ജില്ലയും ഭരിക്കുന്നത് വനിത കലക്ടർമാർ
text_fieldsകൊച്ചി: സംസ്ഥാനത്തെ 14ൽ 10 ജില്ലയും ഭരിക്കുന്നത് വനിത കലക്ടർമാർ. ബുധനാഴ്ച ആലപ്പുഴ ജില്ല കലക്ടറായി ഡോ.രേണു രാജിനെ നിയമിച്ചതോടെയാണ് ജില്ലകളുടെ ഭരണസാരഥ്യത്തിൽ പെൺതേരോട്ടം റെക്കോഡിലെത്തിയത്.
തിരുവനന്തപുരം-നവ്ജ്യോത് ഖോസ, കൊല്ലം -അഫ്സാന പർവീൻ, പത്തനംതിട്ട -ഡോ.ദിവ്യ എസ്. അയ്യർ, ആലപ്പുഴ -ഡോ.രേണുരാജ്, കോട്ടയം -ഡോ.പി.കെ. ജയശ്രീ, ഇടുക്കി -ഷീബ ജോർജ്, തൃശൂർ -ഹരിത വി. കുമാർ, പാലക്കാട്-മൃൺമയി ജോഷി, വയനാട് -എം.ഗീത, കാസർകോട് -ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരാണ് നിലവിൽ വിവിധ ജില്ലകൾ ഭരിക്കുന്ന വനിത ഐ.എ.എസുകാർ. ഇതിൽ നവ്ജ്യോത് ഖോസ (ഡെന്റൽ), ദിവ്യ എസ്. അയ്യർ, ഡോ. രേണുരാജ് എന്നിവർ മെഡിക്കൽ ഡോക്ടർമാരും ഡോ.പി.കെ. ജയശ്രീ കാർഷിക സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയയാളുമാണ്.
എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പുരുഷന്മാരാണ് കലക്ടർ ചുമതലയിലുള്ളത്. കൊല്ലം കലക്ടർ അഫ്സാന പർവീന്റെ ഭർത്താവ് ജാഫർ മാലിക്കാണ് എറണാകുളം കലക്ടർ എന്നതും പ്രത്യേകതയാണ്.
കഴിഞ്ഞ ദിവസം റവന്യൂ ദിനാഘോഷ ഭാഗമായി പ്രഖ്യാപിച്ച റവന്യൂ പുരസ്കാരങ്ങളിൽ മികച്ച മൂന്ന് ജില്ലാ കലക്ടർമാരായി തെരഞ്ഞെടുക്കപ്പെട്ടതിൽ രണ്ടുപേരും വനിതകളായിരുന്നു.
തിരുവനന്തപുരം കലക്ടർ നവ്ജ്യോത് ഖോസ, പാലക്കാട്ടെ മൃൺമയി ജോഷി എന്നിവരാണ് അഭിമാനനേട്ടം കൈവരിച്ചത്. ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്ന് അടുത്ത ദിവസം വിരമിക്കാനിരിക്കുന്ന എ.അലക്സാണ്ടറും ഈ പുരസ്കാരം നേടി. ഇദ്ദേഹം വിരമിച്ചതിന് പിന്നാലെയാകും ഡോ.രേണുരാജ് ചുമതല ഏറ്റെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.