ആൺകോയ്മക്കെതിരെ വനിത സഖാക്കൾ
text_fieldsകൊച്ചി: സി.പി.എം സംഘടന സംവിധാനത്തിലെ ആൺകോയ്മ ചോദ്യംചെയ്ത് വനിത സഖാക്കൾ. പാർട്ടിക്കുള്ളിൽ ആൺകോയ്മ മനോഭാവമാണുള്ളതെന്നും പാർട്ടി സ്ത്രീസൗഹൃദമാകണമെന്നും സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിന്‍റെ ചർച്ചക്കിടെ വിമർശം ഉയർന്നു. കിഫ്ബി വഴിയുള്ള വികസന പദ്ധതികൾക്ക് നിയന്ത്രണം വേണമെന്നും നിർദേശമുയർന്നു.
സ്ത്രീപക്ഷ കേരളം രൂപപ്പെടുത്താൻ സർക്കാർ നടപടിയെടുക്കുമ്പോൾ സി.പി.എമ്മിലെ പുരുഷാധിപത്യ പ്രവണതകൾക്ക് തടയിടാൻ നടപടി വേണം. സ്ത്രീകൾക്ക് കമ്മിറ്റികളിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെങ്കിലും വനിത സഖാക്കളോടുള്ള പെരുമാറ്റത്തിൽ മാറ്റംവന്നിട്ടില്ല. പാർട്ടിയിൽ സ്ത്രീസമത്വം വേണമെന്നും മന്ത്രി ആർ. ബിന്ദു, ആലപ്പുഴയിൽനിന്നുള്ള ആർ. രാജേശ്വരി തുടങ്ങിയവർ അഭിപ്രായപ്പെട്ടു. അതേസമയം, പുതിയ സംസ്ഥാന സമിതിയിൽ 50 ശതമാനം വനിതകളെ ഉൾപ്പെടുത്തുമോയെന്ന വാർത്തസമ്മേളനത്തിലെ ചോദ്യത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മറുപടി ചർച്ചയിൽ ഉയർന്ന അഭിപ്രായത്തിന്‍റെ പൊരുളിന് ഒട്ടും ചേർന്നതായിരുന്നില്ല. ''നിങ്ങൾ ഈ പാർട്ടിയെ തകർക്കാനാണോ ഈ ചോദ്യം ചോദിക്കുന്നത്'' എന്നായിരുന്നു ചിരിച്ചുകൊണ്ടു അദ്ദേഹം പ്രതികരിച്ചത്.
അടിസ്ഥാനസൗകര്യ വികസനത്തിന് നൽകുന്ന അമിതമായ ഊന്നലിന് ഇടവേള നൽകി കാർഷിക രംഗത്ത് ശ്രദ്ധിച്ചുകൂടേയെന്ന അഭിപ്രായവും ചർച്ചയിൽ ഉയർന്നു. കിഫ്ബി വഴി അടിസ്ഥാന സൗകര്യ വികസനത്തിന് 60,000 കോടിയോളം രൂപ വകയിരുത്തിക്കഴിഞ്ഞു. ഇത് ഇത്രയും മതിയാക്കി, കാർഷിക രംഗത്തും മൂല്യവർധിത ഉൽപന്നങ്ങളുടെ വികാസത്തിലുമാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പാർട്ടിയിൽ ചില നേതാക്കൾക്ക് കടുത്ത പാർലമെന്‍ററി വ്യാമോഹമാണെന്ന വിമർശവും ശക്തമായുണ്ടായി. ഒരേ സ്ഥാനത്ത് കാലങ്ങളോളം തുടരാൻ നേതാക്കൾ കടിച്ചുതൂങ്ങുകയാണ്. അതിനായി എത്ര നാണംകെട്ട കളിയും കളിക്കും. പാലക്കാട് ജില്ലയിൽ ഗ്രൂപ്പിസത്തിന്‍റെ രക്ഷാകർത്താക്കളായിരുന്നവർ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും കരുക്കൾ നീക്കുന്നുവെന്ന് എൻ.എൻ. കൃഷ്ണദാസിന്‍റെ പേരെടുത്തുപറയാതെ പാലക്കാട് ജില്ല സെക്രട്ടറി തുറന്നടിച്ചു.
റവന്യൂ വകുപ്പിനെയും സി.പി.ഐയെയും രൂക്ഷ സ്വരത്തിൽ വിമർശിച്ച പ്രതിനിധികൾ, സർക്കാറിന്‍റെ എല്ലാ നന്മയുടെ പെരുമയും ഏറ്റെടുക്കാൻ വരുന്ന സി.പി.ഐ നേതൃത്വം പേരുദോഷം ഉണ്ടാകുമ്പോൾ സി.പി.എമ്മിനെ പഴിചാരും. പട്ടയമേളയുടെ പേരിൽ വൻ പിരിവാണ് നടക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥരെ വെച്ച് അത് സി.പി.ഐ പരിപാടിയാക്കി. ഉദ്ഘാടന പ്രസംഗത്തിൽ കോൺഗ്രസിനെ വിമർശിക്കാതിരുന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും പ്രതിനിധികൾ വെറുതെവിട്ടില്ല. കേരളത്തിൽ മുഖ്യശത്രു കോൺഗ്രസായിട്ടും ഒരക്ഷരം വിമർശിക്കാതിരുന്നത് തെറ്റായി. ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ഒത്താശ നൽകിയിട്ട് പാർട്ടിക്ക് തിരിച്ചടിയാണുണ്ടായതെന്നും ചൂണ്ടിക്കാട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.