'ആരുടെയും കാലുപിടിക്കാം...ഞങ്ങളെ കൈവിടല്ലേ'; വനിത സി.പി.ഒ ഉദ്യോഗാർഥികൾ
text_fieldsനിയമനമാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്യുന്ന വനിത സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായി കൈകാലുകൾ ബന്ധിച്ച് പ്ലാവില തൊപ്പിവെച്ച് പ്രതിഷേധിച്ചശേഷം പൊട്ടിക്കരയുന്നു -അരവിന്ദ് ലെനിൻ
തിരുവനന്തപുരം: ‘‘ഞാൻ എന്തോരം കഷ്ടപ്പെട്ട് പഠിച്ചിട്ട് കിട്ടിയതാ, അർഹതപ്പെട്ട ജോലിയല്ലേ ചോദിക്കുന്നത്. എനിക്കെന്റെ അച്ഛനെയും അമ്മയെയും നോക്കണം... ഞാൻ ആരുടെയും കാലുപിടിക്കാം...ഞങ്ങളെ കൈവിടല്ലേ ’’ സി.പി.ഒ ഉദ്യോഗാർഥി ആരതി സെക്രട്ടേറിയറ്റിന് മുന്നിൽ പൊട്ടിക്കരഞ്ഞ് അപേക്ഷിക്കുകയാണ്.
‘‘ജോലി കിട്ടാൻ കഷ്ടപ്പെട്ട് പഠിച്ചാൽ മാത്രം പോരാ, സമരമുറകൾ പഠിക്കണം. 11 ദിവസംകൂടി കഴിയുമ്പോൾ ഞങ്ങളുടെ ജീവിതം വീണ്ടും വട്ടപ്പൂജ്യത്തിലേക്ക് എത്തുകയാണ്. പിഞ്ചുകുഞ്ഞിനെപ്പോലും വീട്ടിൽ അമ്മയെ ഏൽപിച്ചാണ് സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിൽ വന്നുകിടക്കുന്നത്. മുദ്രാവാക്യം വിളിക്കാനൊന്നും ഞങ്ങൾക്കറിയില്ല. സർക്കാർ കനിയണം.’’-മറ്റൊരു ഉദ്യോഗാർഥി അഖില തൊഴുകൈയോടെനിന്ന് കരയുകയാണ്. കൂട്ടുകാരികളുടെ കരച്ചിൽ കണ്ട് സമരമുഖത്തുണ്ടായിരുന്ന് മറ്റ് ഉദ്യോഗാർഥികളുടെയും സങ്കടം അണപൊട്ടി.
നിയമനമാവശ്യപ്പെട്ട് വനിത സിവിൽ പൊലീസ് ഓഫിസേഴ്സ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടേറിയറ്റിനുമുന്നിൽ ആരംഭിച്ച നിരാഹാര സമരം ആറു ദിവസം പിന്നിട്ടിട്ടും സമരക്കാരുമായി ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുപോലെ കണ്ണടച്ചതിൽ സങ്കടത്തിലാണ് ഉദ്യോഗാർഥികൾ. നിരാഹാരം കിടന്നും സെക്രട്ടേറിയറ്റിനു മുന്നിൽ ശയന പ്രദക്ഷിണം നടത്തിയും കല്ലുപ്പിൽ മുട്ടുകുത്തിനിന്നും സമരംചെയ്ത അവർ തിങ്കളാഴ്ച കൈകാലുകൾ പരസ്പരം ബന്ധിപ്പിച്ച് പ്ലാവില തൊപ്പിയും തലയിലേന്തിയാണ്പ്രതിഷേധിച്ചത്.
മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഏപ്രിൽ 19ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാനിരിക്കെ, 292 പേർക്ക് മാത്രമാണ് നിയമന ശിപാർശ ലഭിച്ചത്. ഇതിൽ 60 ഉം എൻ.ജെ.ഡി (നോൺ ജോയിനിങ് ഡ്യൂട്ടി) ആണ്. അതായത് പുതുതായി റിപ്പോർട്ട് ചെയ്തത് 232 ഒഴിവ് മാത്രം. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 815 പേർക്ക് നിയമന ശിപാർശ ലഭിച്ചിരുന്ന സ്ഥാനത്താണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.