ശുശ്രൂഷിക്കാൻനിന്ന മകന് കോവിഡ്; ചികിത്സ കിട്ടാതെ മാതാവ് ആംബുലൻസിൽ മരിച്ചു
text_fieldsഅഞ്ചൽ: ശുശ്രൂഷിക്കാൻനിന്ന മകന് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതർ വീട്ടിലേക്ക് അയച്ച രോഗിയായ മാതാവ് ചികിത്സ കിട്ടാതെ മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചൽ ആർച്ചൽ കുന്നത്തുവീട്ടിൽ ഉദയൻറ ഭാര്യ സുരഭിയാണ് (51) മരിച്ചത്.
ഏതാനും ദിവസം മുമ്പ് മസ്തിഷ്കാഘാതത്തെത്തുടർന്നാണ് ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞ സുരഭിയെ ഒരാഴ്ചക്ക് ശേഷം വാർഡിലേക്ക് മാറ്റി. ചികിത്സ സൗകര്യാർഥം രണ്ട്ദിവസം മുമ്പാണ് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. സുരഭിയുടെ മകൻ അഖിൽ ആണ് മെഡിക്കൽ കോളജിൽ പരിചരണത്തിനായി നിന്നതും ആംബുലൻസിൽ ഒപ്പം സഞ്ചരിച്ചതും. അഖിലിന് പുനലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് വിളക്കുടിയിലെ കോവിസ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലുമാക്കി.
മകന് പോസിറ്റിവാണെന്ന് അറിഞ്ഞതോടെ സുരഭിയെ ആശുപത്രിയിൽനിന്ന് സിസ്ചാർജ് ചെയ്യുകയും വീട്ടിൽ കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർബന്ധിക്കുകയും ആയിരുന്നു. മൂക്കിലൂടെ കുഴൽവഴിയായിരുന്നു ഭക്ഷണം കൊടുത്തിരുന്നതെന്ന് ഭർത്താവ് ഉദയൻ പറഞ്ഞു.
അബോധാവസ്ഥയിലായിരുന്ന സമയത്താണ് ഡിസ്ചാർജ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആംബുലൻസിൽ വീട്ടിലെത്തിച്ചുവെങ്കിലും ഇതിനകം തന്നെ മുക്കിലൂടെ കടത്തിയിരുന്ന കുഴൽ ഊരിമാറി. ഇത് പുന:സ്ഥാപിക്കാൻ ആശാ പ്രവർത്തകവഴി അഞ്ചലിലെ ആരോഗ്യ കേന്ദ്രത്തിൽ വിവരമറിയിച്ചെങ്കിലും സഹായം കിട്ടിയില്ല. ഇതിനിടെ സുരഭിയുടെ നില വഷളായി. ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കൂറോളം കാത്തുകിടന്നിട്ടും ആരും എത്തുകയോ അഡ്മിറ്റ് ചെയ്യാൻ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ഇതിനിടെ ആംബുലൻസിൽ വച്ച് സുരഭി മരിച്ചു. പിന്നീട് ആശുപത്രി ജീവനക്കാരെത്തി മൃതദേഹം ആശുപത്രിയിലേക്കെടുത്തു. വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ട് സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.