ഇത് പ്രതിരോധത്തിെൻറ ചിലമ്പൊലി; കോവിഡ് ബോധവത്കരണ നൃത്തവുമായി വനിതാ ഡോക്ടർമാർ -വിഡിയോ
text_fieldsകണ്ണൂർ: കരുതൽ കൈവിടുന്നവർക്ക് ഈ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുകയാണ്. അത് ചികിത്സയിലൂടെയോ ആശുപത്രി വാർഡുകളിൽ നിന്നോ അല്ല. തങ്ങളുടെ കോവിഡ് ചികിത്സ അനുഭവങ്ങൾ പങ്കുവെച്ചുള്ള നൃത്ത ശിൽപ്പത്തിലൂടെയാണെന്ന് മാത്രം.
കണ്ണൂരിലെ ഒരു സംഘം വനിതാ ഡോക്ടർമാരുടെ കോവിഡ് ബോധവത്കരണ നൃത്ത വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോൾ വൈറലായിരിക്കുന്നത്. മുന്നറിയിപ്പും ബോധവത്കരണവും മാത്രമല്ല കോവിഡ് ബാധിതർക്ക് ആത്മവിശ്വാസം പകരുകയെന്ന ദൗത്യം കൂടിയാണ് ഡോക്ടർമാരുടെ ചിലങ്കയണിയലിലൂടെ യാഥാർഥ്യമായത്.
കണ്ണൂരിലെ വനിതാ ഡോക്ടർമാരുടെ കൂട്ടായ്മയായ 'ജ്വാല'യിലെ ആറ് അംഗങ്ങൾ ചേർന്നാണ് മഹാമാരിക്കെതിരായ പേരാട്ടത്തിന് നൃത്തമെന്ന കലാരൂപത്തിലൂടെ ദൃശ്യചാരുത നൽകിയത്.
കണ്ണൂർ ജില്ല ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. മൃദുല, ഇ.എൻ.ടി വിഭാഗത്തിലെ ഡോ. അഞ്ജു, കല്യാശ്ശേരി എഫ്.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ഭാവന, മൊറാഴ പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ഹൃദ്യ, വളപ്പട്ടണം എഫ്.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ജുംജുംമി, അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഡോ. രാഖി എന്നിവരാണ് നൃത്തമവതരിപ്പിച്ചത്.
മഹാമാരിക്കെതിരെ പൊതുസമൂഹം പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങളാണ് ഓരോ നൃത്തചുവടുകളിലേയും ഇതിവൃത്തം. 'അലയടിക്കുന്നു മഹാമാരിമേൽക്കുമേൽ കരുതലെല്ലാരും മറന്നതെന്തെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഡോ. എ.എസ്. പ്രശാന്ത് കുമാറാണ്. സംഗീതവും അദ്ദേഹം തന്നെ.
ഹെൽത്ത് ഇൻസ്പെക്ടറായ സുരേഷ് ബാബു ശ്രീസ്തയാണ് പാട്ടുകളുടെ വരിയെഴുതിയത്. ആരോഗ്യ വകുപ്പും നാഷനൽ ഹെൽത്ത് മിഷനും ചേർന്നാണ് നാല് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ നിർമിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിെൻറ ഫേസ്ബുക്ക് പേജിലാണ് വിഡിയോ പങ്കുവെച്ചത്.
ജനങ്ങളിലേക്ക് എളുപ്പം ജാഗ്രത നിർദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നൃത്ത വിഡിയോ ഒരുക്കിയതെന്ന് കെ.ജി.എം.ഒയുടെ വനിതാ വിങ്ങ് ഭാരവാഹികൾ പറഞ്ഞു. ആദ്യം വിങ്ങിൽനിന്ന് ആറ് ഡോക്ടർമാരെ തെരഞ്ഞെടുത്തു. മാർച്ച് അവസാനമാണ് നൃത്തത്തെ കുറിച്ച് തീരുമാനിച്ചതെന്ന് ഡോ. മൃദുല പറഞ്ഞു. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിഡിയോ പെട്ടെന്ന് തയാറാക്കുകയായിരുന്നു. ജോലി തിരക്കിനിടയിൽ വാട്സ്ആപ്പിലൂടെ അയച്ചുകിട്ടിയ വിഡിയോ വഴിയാണ് പരിശീലനമടക്കം പൂർത്തിയാക്കിയതെന്നും മൃദുല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.