അടുക്കള പൂട്ടിക്കുന്ന മോദി സര്‍ക്കാരിനെതിരെ സ്ത്രീരോഷമിരമ്പി
text_fieldsതിരുവനന്തപുരം: രാജ്യത്തെ സാധാരണക്കാരുടെ അടുക്കള പൂട്ടിപോകുന്ന നിലയില്‍ പാചകവാതക വില ഗണ്യമായി വര്‍ധിപ്പിക്കുന്ന മോദി സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി സ്ത്രീരോഷമിരമ്പി. `നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹം, അടുക്കള പൂട്ടിക്കുന്ന ഗ്യാസ് വില' എന്ന മുദ്രാവാക്യമുയര്‍ത്തി വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികളിലാണ് വീട്ടമ്മമാര്‍ നേരിടുന്ന ദുരിതം പൊതു സമൂഹത്തില്‍ തുറന്നു കാട്ടിയത്. അടുപ്പുകൂട്ടിയും ഗ്യാസ് സിലിണ്ടര്‍ തോളിലേന്തിയും ചൂട്ടു കത്തിച്ചും ഗൃഹോപകരണങ്ങള്‍ കൈയിലെടുത്തും കേന്ദ്ര സര്‍ക്കാരിനെതിരേ സ്ത്രീകളും കുട്ടികളുമടക്കം തെരുവിലിറങ്ങി. വിവിധ ജില്ലകളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കള്‍ സംസാരിച്ചു.
നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതിന് ശേഷം യാതൊരു മനസാക്ഷിയുമില്ലാതെയാണ് ഗാര്‍ഹിക - വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സബ്‌സിഡിയും കേന്ദ്രം നല്‍കുന്നില്ല. വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചക വാതക വില വര്‍ധിക്കുന്നതോടെ അവശ്യസാധനങ്ങളുടെ വിലയും വര്‍ധിക്കുന്നു. എല്‍പിജി സിലിണ്ടറുകളുടെ വില 2021 ജൂലൈ മുതല്‍ എല്ലാ മാസത്തെയും ആദ്യ ദിവസം തീരുമാനിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം ഒരു നിയന്ത്രണവുമില്ലാത്ത വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. എണ്ണക്കമ്പനികള്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം എടുക്കുമ്പോള്‍ 816 രൂപയായിരുന്നു ഗാര്‍ഹിക സിലിണ്ടറിന്റെ വില. നിലവില്‍ 1110 രൂപയായി വര്‍ധിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 1480 നിന്ന് 2124 രൂപയുമായി.
കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതോടെ രാജ്യം കടുത്ത ക്ഷാമം നേരിടുമെന്നും സബ്‌സിഡി പുനസ്ഥാപിച്ച് പാചകവാതക വില കുറച്ച് ജനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്നും നേതാക്കള്‍ പറഞ്ഞു.
വയനാട് ജില്ല കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരം വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ സമിതിയംഗം നൂര്‍ജഹാന്‍ കല്ലങ്കോടന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം പി. ജമീല സന്നിഹിതയായിരുന്നു. കോഴിക്കോട് നടന്ന പ്രതിഷേധ സമരം സംസ്ഥാന സെക്രട്ടറി കെ.കെ. ഫൗസിയ ഉദ്ഘാടനം ചെയ്തു. പാലക്കാട് സംസ്ഥാന സമിതി അംഗം ബാബിയ ഷെരീഫ്, കണ്ണൂരില്‍ സംസ്ഥാന സമിതി അംഗം സുഫീറ അലി, കാസര്‍കോട് സംസ്ഥാന സമിതി അംഗം ഹസീന എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.