സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷ കഠിനമാക്കണം -ഷീമ മുഹ്സിൻ
text_fieldsകണ്ണൂർ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷാനടപടികൾ കഠിനമാക്കണമെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഷീമ മുഹ്സിൻ. കണ്ണൂരിൽ നടക്കുന്ന വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയും പൊതുസമ്മേളനവും കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാജ്യത്ത് വലിയ തോതിൽ വർധിച്ചിരിക്കുന്നു.
15.3 ശതമാനം വർധനയാണ് പുതിയ കണക്ക് പ്രകാരം ഉണ്ടായത്. രാജ്യത്ത് നിയമനിർമാണങ്ങൾക്ക് ക്ഷാമമില്ല. എന്നാൽ നടപ്പാക്കലിന്റെ കാര്യത്തിൽ വലിയ വീഴ്ചകൾ സംഭവിക്കുന്നു. ഇത് പരിഹരിക്കപ്പെടണമെങ്കിൽ ബന്ധപ്പെട്ട മേഖലയിലുള്ളവർ കൂടുതൽ ജാഗ്രത കാണിക്കണമെന്നും അവർ പറഞ്ഞു. നമ്മുടെ ഭരണഘടന ഉറപ്പു നൽകുന്ന സമത്വം, ലിംഗ നീതി എന്നിവ കൂടുതൽ ശക്തമായി രാജ്യത്ത് നടപ്പാകണം.
ചടങ്ങിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ല പ്രസിഡന്റ് സാജിദ ബഷീർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തി. ഇസ്രായേലിന് അനുകൂലമായുള്ള കേന്ദ്ര നിലപാട് സർക്കാർ തിരുത്തണമെന്നും എന്നും ഇന്ത്യ ഫലസ്തീനൊപ്പമായിരുന്നുവെന്നും അതാണ് നീതിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, കെ.എസ്.ടി.എം സംസ്ഥാന പ്രസിഡന്റ് രഹ്ന ടീച്ചർ, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി ഫാത്തിമ തഹാനി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് സാദിഖ് ഉളിയിൽ എന്നിവർ സംസാരിച്ചു. വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി രജിത മഞ്ചേരി പ്രമേയം അവതരിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ശബാനി നന്ദി രേഖപ്പെടുത്തി.
തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നേതാക്കൾക്ക് പൊതുസമ്മേളനത്തിൽ സ്വീകരണം നൽകി. പരിപാടിയുടെ ഭാഗമായി കണ്ണൂർ കാൽടെക്സിൽനിന്ന് സ്റ്റേഡിയം കോർണറിലേക്ക് നടത്തിയ റാലിയിൽ ആയിരത്തിൽപരം സ്ത്രീകൾ പങ്കെടുത്തു. ഫലസ്തീനുള്ള ഐക്യദാർഢ്യ റാലി കൂടിയായിരുന്നു ഇത്.
ആദ്യദിനം നടന്ന ഉദ്ഘാടന സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. വി.എ. ഫായിസ അധ്യക്ഷത വഹിച്ചു. സുഫീറ എരമംഗലം പ്രമേയം അവതരിപ്പിച്ചു. ജബീന ഇർഷാദ്, എസ്. ഇർഷാദ്, ചന്ദ്രിക കൊയിലാണ്ടി, അസൂറ ടീച്ചർ, ഫസ്ന മിയാൻ, ഉഷാകുമാരി, സുബൈദ കക്കോടി, സറീന ബഷീർ, സീനത്ത് കോക്കൂർ, രജിത മഞ്ചേരി, മുംതാസ് ബീഗം, ഫൗസിയ ആരിഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.