സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം
text_fieldsആലുവ: സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് യുവതി മരിച്ചു. ഫെഡറൽ ബാങ്ക് തിരൂർ ശാഖയിലെ ജീവനക്കാരി ആലുവ മുപ്പത്തടം കാർത്തിക ജ്വല്ലറിക്ക് എതിർവശം തെരുവിപറമ്പിൽ വീട്ടിൽ ജെറോച്ചന്റെ മകൾ അനീസ ഡോളി (20)യാണ് മരിച്ചത്. പിതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. സ്‌കൂട്ടർ ഓടിച്ചിരുന്ന ജെറോച്ചൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാവിലെ ആറരയോടെ ആലുവ സെന്‍റ് ഫ്രാൻസിസ് സ്കൂളിന് മുമ്പിലായിരുന്നു അപകടം. ആലുവയിൽ നിന്നും എറണാകുളത്തേക്ക് പോയ സ്വകാര്യ ബസ് ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. അദ്വൈതാശ്രമത്തിന് സമീപത്തെ കുഴി ഒഴിവാക്കാൻ ബസ് വെട്ടിച്ചതാണ് അപകട കാരണം. സ്കൂട്ടറിൽ നിന്നും അനീസ വലതുവശത്തേക്കാണ് തെറിച്ചുവീണത്. ഇതോടെ ബസിനടിയിൽപ്പെട്ടു. ഉടൻ അനീസയെയും ജെറോച്ചനെയും ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അനീസ മരിച്ചിരുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നതായി ബസിലുണ്ടായിരുന്ന ചില യാത്രക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
മൂന്നാഴ്ച്ച മുമ്പാണ് അനീസക്ക് ഫെഡറൽ ബാങ്കിൽ ക്ളർക്ക് ആയി ജോലി ലഭിച്ചത്. ശനി, ഞായർ അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോകാൻ പിതാവിനൊപ്പം റെയിൽവേ സ്റ്റേഷനിലേക്ക് വരികയായിരുന്നു. പിതാവ് എടയാർ വ്യവസായ മേഖലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: മേരി. സഹോദരൻ: അരുൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.