കണ്ണൂർ സി.പി.എമ്മിൽ എത്ര വനിതകളുണ്ട്? കാന്തപുരത്തിന് പരോക്ഷ മറുപടിയുമായി എം.വി. ജയരാജൻ; ‘4421 ബ്രാഞ്ച് സെക്രട്ടറിമാരിൽ 242 പേരും ലോക്കലിൽ 2 പേരും വനിതകൾ’
text_fieldsകണ്ണൂർ: സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചുള്ള വിവാദത്തിനിടെ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ ഉന്നയിച്ച ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കണ്ണൂരിൽ 18 സി.പി.എം ഏരിയ സെക്രട്ടറിമാരിൽ ഒരാൾ പോലും വനിതയില്ല എന്നായിരുന്നു കാന്തപുരം ചൂണ്ടിക്കാണിച്ചത്. എന്നാൽ, പാർട്ടി വനിത അംഗങ്ങളുടെ എണ്ണത്തിൽ ശ്രദ്ധേയ മുന്നേറ്റം കാഴ്ചവെച്ചതായി ജയരാജൻ അവകാശപ്പെട്ടു. ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ തളിപ്പറമ്പിൽ നടക്കുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ആകെ അംഗങ്ങളിൽ 32.99 ശതമാനം വനിതകളാണെന്ന് കണക്കുകൾ നിരത്തി ജയരാജൻ വ്യക്തമാക്കി. മൂന്ന് വർഷത്തിനിടെ സ്ത്രീകളുടെ അംഗത്വത്തിൽ അഞ്ച് ശതമാനം വർധിച്ചു. ആകെയുളള 4421 ബ്രാഞ്ചുകളിൽ 242 സെക്രട്ടറിമാരും വനിതകളാണ്. 249 ലോക്കൽ കമ്മറ്റികളിൽ രണ്ടുപേർ വനിതകളാണ്. 18 ഏരിയ കമ്മറ്റി സെക്രട്ടറിമാർ മുഴുവൻ പുരുഷൻമാരാണ്. ആറളം ഫാം ആദിവാസി പുനരധിവാസ കേന്ദ്രത്തിൽ പാർട്ടി അംഗങ്ങളിൽ 47 ശതമാനവും വനിതകളാണ്. പാർട്ടിക്ക് ജില്ലയിൽ ആകെ 65,550 അംഗങ്ങളാണുള്ളത്.
മൂന്നുവർഷം മുമ്പുള്ളതിനേക്കാൾ ആറ് ലോക്കൽ കമ്മിറ്റികൾ, 174 ബ്രാഞ്ചുകൾ, 3862 അംഗങ്ങൾ എന്നിവ വർധിച്ചതായി ജയരാജൻ പറഞ്ഞു. വർഗ ബഹുജന സംഘടനകളിൽ ആകെ 29,51,370 അംഗങ്ങളാണുള്ളത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 136375 അംഗങ്ങൾ പുതുതായി ചേർന്നു. സ്ത്രീകളെ കൂടുതലായി സംഘടനാരംഗത്തും ഭരണരംഗത്തും എത്തിക്കുന്നതില്‍ സി.പി.എം തന്നെയാണ് ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നതെന്നും കൂടുതല്‍ വനിതകളെ നേതൃരംഗത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമമുറകള്‍ മതം അംഗീകരിക്കുന്നില്ലെന്ന പ്രസ്താവനയെ തുടർന്നായിരുന്നു സി.പി.എം നേതാക്കൾ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർക്കെതിരെ തിരിഞ്ഞത്. സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ല. അത്തരക്കാർ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകേണ്ടി വരുമെന്നും എം.വി. ഗോവിന്ദൻ ഓർമിപ്പിച്ചു.
എം.വി. ഗോവിന്ദന് വിമർശത്തെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കണ്ണൂർ ജില്ലയിലെ 18 സി.പി.എം ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ലെന്നും ഇസ്‌ലാമിന്‍റെ നിയമങ്ങൾ പണ്ഡിതന്മാർ പറയുമെന്നും മറുപടി നൽകി. 'ഇസ്‌ലാമിന്‍റെ നിയമങ്ങൾ ആലിമീങ്ങൾ പറയും. മറ്റുള്ള മതക്കാർ അതിൽ കടന്ന് കൂടി വന്നിട്ട് ഇസ്‌ലാമിന്‍റെ വിധി, അതിവിടെ നടപ്പാകൂല എന്ന് പറഞ്ഞാൽ... ഇന്നൊരാളുടെ പ്രസ്താവന കേട്ടു. അയാളുടെ പാർട്ടിയിൽ തന്നെ, അയാളുടെ ജില്ലയിൽ 18 ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തിരിക്കുന്നു. ഈ 18ഉം പുരുഷൻമാരാണ്. ഒറ്റ പെണ്ണിനെയും അവർക്ക് കിട്ടീട്ടില്ല....' -എന്നിങ്ങനെയായിരുന്നു എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരിഹാസം. എന്നാൽ, ഇതിനുപിന്നാലെ വീണ്ടും ഗോവിന്ദൻ പ്രതികരണവുമായി രംഗത്തെത്തി. പൊതുഇടത്തിൽ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്നും അത് അംഗീകരിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടതെന്ന് പറയുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, കാന്തപുരത്തിന്‍റെ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസമാണെന്നായിരുന്നു സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം മന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. ‘കാന്തപുരത്തിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസം. നമ്മുടെ വിശ്വാസം അതല്ല. ഞങ്ങൾ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിലാണ്. ഏതായാലും കാന്തപുരത്തിനോട് ഞങ്ങൾക്ക് ഒരു ബഹുമാനമുണ്ട്. മുസ്‍ലിം മതരാഷ്ട്രം സ്ഥാപിക്കണമെന്ന് പറയാത്തവരാണ്. സ്ത്രീക്ക് തുല്യത വേണമെന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം. ഞങ്ങളുടെ പാർട്ടിയിലും ആ രീതിയിലുള്ള പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കും. പാർട്ടി സ്ഥാനങ്ങളിൽ വനിതകൾ വരും. നേതൃത്വത്തിൽ വനിതാ പ്രതിനിധ്യം സംബന്ധിച്ച പോരായ്മ തിരിച്ചറിയുന്നവരാണ് ഞങ്ങൾ. ബോധപൂർവം തിരുത്താൻ ശ്രമിക്കുന്നുണ്ട്’ -തോമസ് ഐസക് പറഞ്ഞു.
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്നിന് തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കോടിയേരി ബാലകൃഷ്ണന്‍ നഗറിലും (കെകെഎന്‍ പരിയാരം സ്മാരക ഹാളില്‍) പൊതുസമ്മേളനം ഫെബുവ്രരി മൂന്നിന് വൈകുന്നേരം നാല് മണി മുതല്‍ സീതാറാം യെച്ചൂരി നഗറിലും (ഉണ്ടപ്പറമ്പ് മൈതാനം) നടക്കുമെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് സമ്മേളനങ്ങളുംപാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ 16 സെമിനാറുകള്‍ സംഘടിപ്പിച്ചു. വന്‍ ബഹുജനപങ്കാളിത്തത്തോടെ കേന്ദ്ര കമ്മിറ്റിയംഗങ്ങളുള്‍പ്പടെ പ്രമുഖരായ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്താണ് സെമിനാറുകള്‍ നടന്നത്. കഴിഞ്ഞ ദിവസം ഏഴാംമൈലില്‍ സ്ത്രീകള്‍ ജനാധിപത്യ ഇന്ത്യയില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറോടെയാണ് സെമിനാറുകള്‍ സമാപനമായത്.
ചിന്ത പബ്ലിഷേഴ്സിന്റെ നേതൃത്വത്തില്‍ പുസ്തകോത്സവം വെള്ളിയാഴ്ച്ച മുതല്‍ ടൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ചു. എം വിജിന്‍ എം എല്‍എ ഉദ്ഘാടനംചെയ്തു. പുസ്തകോത്സത്തിന്റെ ഭാഗമായി പുസ്തക ചര്‍ച്ചയും മറ്റ് കലാപരിപാടികളും സമ്മേളനം തീരുന്ന ദിവസംവരെ ടൗണ്‍സ്‌ക്വയറില്‍ നടക്കും. സ്തൂപത്തില്‍ നിന്നും വളണ്ടിയര്‍മാരുടേയും അത്‌ലറ്റുകളുടേയും നേതൃത്വത്തില്‍ ജനുവരി 31 ന് വൈകുന്നേരം 6 മണിക്ക് തളിപ്പറമ്പ് പ്ലാസ ജംഗ്ഷനില്‍ എത്തിച്ചേരും.
തുടര്‍ന്ന് ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറിനെ ലക്ഷ്യമാക്കി നീങ്ങും. സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍ സമ്മേളന നഗറില്‍ പതാക ഉയര്‍ത്തും. തളിപ്പറമ്പ് നഗരത്തിന്റെ സൗകര്യക്കുറവ് പരിഗണിച്ച് സമ്മേളനത്തിന്റെ ഭാഗമായി നടക്കേണ്ട ശക്തിപ്രകടനം വേണ്ടെന്നുവെച്ചതായി എം വി ജയരാജന്‍ അറിയിച്ചു. പകരം 15,000 റെഡ് വളണ്ടിയര്‍മാരുടെ മാര്‍ച്ച് മാത്രമാണ് നടക്കുക. ചിറവക്ക് ഗ്രൗണ്ടില്‍ നിന്നും കാക്കാത്തോട് ബസ്റ്റാന്റില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.