വനിത സംവരണം: നിയമസഭയുടെ മുഖം മാറും; 140ൽ 46 വനിതകൾ
text_fieldsതിരുവനന്തപുരം: ലോക്സഭയിലും സംസ്ഥാന നിയമ നിർമാണ സഭകളിലും 33 ശതമാനം വനിത സംവരണം നടപ്പാക്കുന്നതോടെ കേരളത്തിലെ 140 അംഗ നിയമസഭയിൽ 46 വനിതകളാകും. ആനുപാതികമായി നിയമസഭ സമിതികളിലും മന്ത്രിസഭയിലും സ്ത്രീ പ്രാതിനിധ്യം വർധിക്കും. 1957 ആദ്യ നിയമസഭ മുതൽ നിലവിലെ 15ാം നിയമസഭവരെ വനിത പ്രാതിനിധ്യമുണ്ടായിട്ടുണ്ടെങ്കിലും ഒരുഘട്ടത്തിലും മൊത്തം അംഗസംഖ്യയുടെ പത്ത് ശതമാനത്തിൽ കൂടുതൽ ഉണ്ടായിട്ടില്ല.
നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിത അംഗങ്ങളെത്തിയത് 1996-2001ലാണ്. 13 വനിതകളായിരുന്നു അന്നുണ്ടായിരുന്നത്. അപ്പോഴും ആകെ അംഗസംഖ്യയുടെ 9.3 ശതമാനം മാത്രമായിരുന്നു വനിതകൾ. ആ അംഗസംഖ്യയേക്കാൾ മൂന്നിരട്ടിയിലേറെ വർധനയാണ് 33 ശതമാനം സംവരണം വരുന്നതോടെ നിയമസഭയിലുണ്ടാവുക.
ഒന്നാം നിയമസഭ മുതൽ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ 2021ലെ 15 നിയമസഭ വരെയുള്ള ആകെ കണക്കെടുത്താൽ 100 വനിതകളാണ് നിയമസഭയിലെത്തിയത് (ഒരേ അംഗങ്ങൾ അവർത്തിച്ചതടക്കം). 1957 മുതൽ പത്ത് തവണ നിയമസഭാംഗമായ വനിതയാണ് കെ.ആർ. ഗൗരിയമ്മ.
1967ലും 1977ലും ഒരു വനിത അംഗം മാത്രമാണുണ്ടായിരുന്നത്. 1967ൽ ഗൗരിയമ്മയായിരുന്നുവെങ്കിൽ 1977ൽ സി.പി.ഐയിലെ ഭാർഗവി തങ്കപ്പനായിരുന്നു ഏക പെൺതരി. 1960-70 കാലഘട്ടത്തിലാണ് സ്ത്രീ പങ്കാളിത്തം കുറയാൻ തുടങ്ങിയത്. 2001ന് ശേഷം വനിതകൾക്ക് മത്സരിക്കാൻ കൂടുതൽ അവസരം നൽകിയെങ്കിലും ഒരിക്കലും 16 ശതമാനം കടന്നില്ലെന്ന് കണക്കുകളിൽ വ്യക്തം.
മന്ത്രി പദവിയിൽ 13 വനിതകൾ
മന്ത്രിസഭയിൽ അംഗങ്ങളായ ആകെ വനിതകളുടെ എണ്ണം 13. ഏറ്റവും കൂടുതൽ പേർ രണ്ടാം പിണറായി സർക്കാറിന്റെ കാലത്താണ്; മൂന്ന് പേർ. സംവരണം വരുന്നതോടെ അഞ്ച് വനിത മന്ത്രിമാരുണ്ടായേക്കും. 1957, 1960, 1967 വർഷങ്ങളിലെ മന്ത്രിസഭകളിൽ ഗൗരിയമ്മ മന്ത്രിയായി.
1982ൽ എം. കമലം (സഹകരണം), 1987ൽ കെ.ആർ. ഗൗരിയമ്മ, 1991ൽ എം.ടി. പത്മ (ഫിഷറീസ്), 1996 സുശീല ഗോപാലൻ (വ്യവസായം), 2001ൽ ഗൗരിയമ്മ, 2006ൽ പി.കെ. ശ്രീമതി (ആരോഗ്യം), 2011ൽ പി.കെ. ജയലക്ഷ്മി (പട്ടിക വർഗ, യുവജനകാര്യം), 2016ൽ മേഴ്സിക്കുട്ടിയമ്മ (ഫിഷറീസ്), കെ.കെ. ശൈലജ (ആരോഗ്യം) 2021ൽ വീണ ജോർജ് (ആരോഗ്യം), ആർ. ബിന്ദു (ഉന്നത വിദ്യാഭ്യാസം), ചിഞ്ചു റാണി (മൃഗസംരക്ഷണം, മ്യൂസിയം) എന്നിവരാണ് മന്ത്രിപദവിയിലിരുന്ന വനിതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.