‘അവകാശങ്ങളെപ്പറ്റി സ്ത്രീകളെ ബോധവത്കരിക്കും’
text_fieldsകണ്ണൂർ: സ്ത്രീകളെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും സ്ത്രീകള്‍ക്കെതിരെ വരുന്ന അതിക്രമങ്ങളെ നേരിടാന്‍ ആര്‍ജവമുള്ളവരാക്കി മാറ്റുകയുമാണ് വനിത കമീഷന്റെ ലക്ഷ്യമെന്ന് കമീഷൻ അംഗം പി. കുഞ്ഞായിഷ. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ വനിത കമീഷന് ജില്ലതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ചെറിയ പ്രശ്നങ്ങളില്‍നിന്ന് തുടങ്ങി കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുന്നതിലേക്കുവരെ എത്തുന്ന വിഷയങ്ങളാണ് കമീഷനില്‍ എത്തുന്ന പരാതികളില്‍ ഏറെയും.
ലഹരി ഉപയോഗം മൂലമുള്ള പരാതികളും ഗാര്‍ഹിക പീഡന പരാതികളും വര്‍ധിച്ചുവരുകയാണ്. ഇവ ബോധവത്കരണത്തിലൂടെയും സ്ത്രീകളുടെ അവകാശങ്ങളെ പറ്റിയുള്ള അറിവ് സൃഷ്ടിക്കുന്നതിലൂടെയും മാത്രമേ കുറച്ചുകൊണ്ടുവരാന്‍ സാധിക്കൂ. ഇതിനായി ത്രിതല പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തും. വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികള്‍ക്ക് രൂപംനല്‍കും -അവര്‍ പറഞ്ഞു.
ആകെ 53 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഏഴെണ്ണം തീര്‍പ്പാക്കി. നാലു പരാതികളില്‍ പൊലീസിനോടും മറ്റു വകുപ്പുകളോടും റിപ്പോര്‍ട്ട് തേടി. രണ്ടു പരാതി ജാഗ്രത സമിതിയുടെ പരിഗണനക്കായി മാറ്റി. 38 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. രണ്ട് പരാതികള്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് കൈമാറി. അദാലത്തില്‍ പാനല്‍ അഭിഭാഷകരായ കെ.പി. ഷിമ്മി, പ്രമീള, കൗണ്‍സിലര്‍ പി. മാനസ ബാബു, വനിത സെല്‍ എ.എസ്.ഐ ടി.വി. പ്രിയ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.