ലക്ഷ്യം കാണാതെ നിശ്ചലമായി പൊലീസിന്റെ വനിത ബീറ്റ് പദ്ധതി
text_fieldsകൊണ്ടോട്ടി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ പ്രതിരോധിക്കാന്‍ പൊലീസ് വിഭാവനം ചെയ്ത വനിത ബീറ്റ് പദ്ധതി ലക്ഷ്യം കാണാതെ നിലച്ചു. തദ്ദേശ ഭരണ കേന്ദ്രാടിസ്ഥാനത്തില്‍ വനിത പൊലീസ് ബീറ്റ് ഓഫിസര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ 2016-17 കാലഘട്ടത്തില്‍ ആരംഭിച്ച പദ്ധതി ഇപ്പോള്‍ തീര്‍ത്തും നിര്‍ജീവമാണ്. നഗരസഭ, പഞ്ചായത്തുതലങ്ങളില്‍ ബന്ധപ്പെട്ട സ്റ്റേഷനുകളില്‍നിന്ന് വനിത ബീറ്റ് ഓഫിസര്‍മാരെ നിയോഗിച്ച് എല്ലാ ചൊവ്വാഴ്ചയും രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ നേരത്തേതന്നെ നിശ്ചയിക്കുന്ന സ്ഥലത്തെത്തി സ്ത്രീകളില്‍നിന്നും കുട്ടികളില്‍നിന്നും പരാതികള്‍ സ്വീകരിക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍, ഇപ്പോള്‍ ഈ സേവനം ലഭ്യമല്ല.
ഗാര്‍ഹിക പീഡനങ്ങളും മറ്റുചൂഷണങ്ങളും പെരുകുമ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, പരാതി പരിഹാരം എന്നിവ വേഗത്തിലാക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു പദ്ധതിക്ക് തുടക്കമിട്ടിരുന്നത്. കഴിയുന്നത്ര പരാതികള്‍ക്ക് അവിടെതന്നെ പരിഹാരം കാണുകയും നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളെപ്പറ്റി സൂചനയുണ്ടെങ്കില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെട്ട പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് വിവരം കൈമാറുകയും പരാതിക്കാര്‍ക്ക് ആവശ്യമായ നിയമപരമായ അവബോധവും സഹായവും നല്‍കുകയും മുഖ്യലക്ഷ്യമായിരുന്നു. ആദ്യഘട്ടത്തില്‍ മിക്ക പൊലീസ് സ്റ്റേഷന് പരിധികളിലും തദ്ദേശ ഭരണകേന്ദ്രങ്ങളില്‍ പദ്ധതി ആരംഭിച്ചെങ്കിലും അല്പായുസ്സ് മാത്രമായി.
ഗാര്‍ഹിക പീഡനങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും അനുദിനം വര്‍ധിക്കുമ്പോഴും ഇപ്പോള്‍ ഒരിടത്തും പദ്ധതി പ്രാവര്‍ത്തികമല്ല.
അരക്ഷിതരായവര്‍ക്ക് പരിരക്ഷ ഉറപ്പാക്കാന്‍ ഫലപ്രദമായ പദ്ധതി ആവശ്യത്തിന് വനിത പൊലീസ് ഉദ്യോഗസ്ഥരില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് വകുപ്പുതന്നെ ഉപേക്ഷിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.