നടിക്കെതിരെ പരാമര്‍ശം: പി.സി. ജോര്‍ജിനെതിരെ വനിത കമീഷന്‍ കേസെടുക്കാൻ നിർദേശം നൽകി
text_fieldsതിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എക്കെതിരെ വനിത കമീഷന്‍ കേസെടുക്കും. കമീഷന് ചെയർേപഴ്സണ്‍ എം.സി. ജോസഫൈന്‍ ഇതുസംബന്ധിച്ച നിര്‍ദേശം ഡയറക്ടര്‍ക്ക് നല്‍കി. സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും സ്പീക്കറുടെ അനുമതിയോടെ എം.എല്‍.എയുടെ മൊഴി രേഖപ്പെടുത്തുന്നതിനും കമീഷെൻറ അന്വേഷണ ഉദ്യോഗസ്ഥനായ ഡയറക്ടര്‍ വി.യു. കുര്യാക്കോസിനാണ് നിര്‍ദേശം നല്‍കിയത്.വാർത്തസമ്മേളനത്തിലും ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും എം.എല്‍.എ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ സ്ത്രീത്വത്തിന് പരിക്കേല്പിക്കുന്നതാെണന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് വനിത കമീഷന്‍ നിയമോപദേശംതേടിയത്. കേസെടുക്കാമെന്നും പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കാമെന്നും വനിത കമീഷന്‍ ലോ ഓഫിസറും സ്റ്റാന്‍ഡിങ് കോണ്‍സലും നിയമോപദേശം നല്‍കുകയായിരുന്നു.
സാധാരണഗതിയില്‍ അപകീര്‍ത്തി കേസുകളില്‍ ബന്ധപ്പെട്ടയാളുടെ പരാതി ആവശ്യമാണ്. ഇരയാക്കപ്പെടുന്നവര്‍ പലകാരണങ്ങളാല്‍ പരാതിപ്പെടാന്‍ മടിക്കുന്നത് കേസെടുക്കുന്നതിന് തടസ്സമാകുന്നുണ്ട്. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കേസ് പിന്‍വലിക്കുന്ന സാഹചര്യങ്ങളുമുണ്ട്. എന്നാല്‍ വനിത കമീഷന്‍ ആക്ട് പ്രകാരം വനിതകള്‍ക്ക് നേരെയുള്ള ഏതുതരം അതിക്രമങ്ങള്‍ക്കും സ്വമേധയാ കേസെടുക്കാന്‍ വനിത കമീഷന് കഴിയും. ഈ സാഹചര്യത്തിലാണ് പി.സി. ജോര്‍ജിെൻറ പ്രസ്താവനയെ വനിത കമീഷൻ വിലയിരുത്തിയതും. പി.സി. ജോര്‍ജ് എം.എല്‍.എയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അനുമതിതേടി സ്പീക്കര്‍ക്ക് എത്രയുംവേഗം കത്തുനല്‍കാന്‍ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധിക്ക് നേരെയുള്ള നടപടി ആയതിനാല്‍ ഇക്കാര്യത്തില്‍ പതിവില്‍ കവിഞ്ഞ സൂക്ഷ്മത പാലിച്ചിട്ടുണ്ടെന്ന് ചെയർേപഴ്സണ്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ നീതിക്ക് വേണ്ടി ശക്തമായ നടപടികളുമായി വനിത കമീഷന്‍ രംഗത്തുണ്ടെന്ന് എം.സി. ജോസഫൈന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.