വിവാദങ്ങളിൽ ഉലയാതെ സ്ത്രീകൾക്കൊപ്പം കൈപിടിച്ച് വനിത കമീഷൻ കാൽനൂറ്റാണ്ടിലേക്ക്
text_fieldsതിരുവനന്തപുരം: തെറ്റിദ്ധാരണ പരത്താന്‍ പല കോണുകളില്‍നിന്നും കൊണ്ടുപിടിച്ച പ്രചാരണം നടക്കുമ്പോഴും സ്ത്രീകളുടെ പ്രശ്നങ്ങളില്‍ നിശ്ശബ്ദമായി ഇടപെട്ട് 25ാം വര്‍ഷത്തിലൂടെ മുന്നോട്ടുപോകുകയാണ് കേരള വനിത കമീഷന്. 1996 മാര്‍ച്ച് 14നാണ് കവയിത്രി സുഗതകുമാരിയുടെ അധ്യക്ഷതയില്‍ ആദ്യ കമീഷന് രൂപവത്കരിക്കപ്പെട്ടത്. പരാതിപരിഹാരം, ബോധവത്കരണം എന്നീ സുപ്രധാനമായ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകളുടെ പദവി ഉയര്‍ത്തുകയും അവര്‍ക്കെതിരായ നീതിരഹിതവും വിവേചനപരവുമായ നടപടികളില്‍ അന്വേഷണം നടത്തി പരിഹാരം കാണുകയുമെന്ന ചുമതലയിൽ കാൽ നൂറ്റാണ്ടായി വിജയകരമായി മുന്നേറുകയാണ് കമീഷൻ.
നിലവിലെ കമീഷെൻറ കാലയളവിലാണ് സൗകര്യപൂര്‍വം പരാതി നല്‍കുന്നതിനുള്ള കേന്ദ്രം കമീഷന് ആസ്ഥാനത്ത് ആരംഭിച്ചത്. തെക്കന്‍മേഖല ഓഫിസ് പ്രവര്‍ത്തനത്തിനും ഇൗ കാലയളവിൽ തുടക്കമിട്ടു. 2017-2021 ല്‍ വിവിധ വിഷയങ്ങളിലായി 594 സെമിനാർ, 91 വിവാഹപൂര്‍വ കൗണ്‍സലിങ്, 137 ജാഗ്രതാസമിതി പരിശീലനം, 916 കലാലയജ്യോതി പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.
2020-21 ല്‍ 117 സെമിനാറുകളും 48 ജാഗ്രതാസമിതി പരിശീലനവും 22 വിവാഹപൂര്‍വ കൗണ്‍സലിങ്ങും 245 കലാലയജ്യോതി പരിപാടികളും ഉള്‍പ്പെടെ 432 പരിപാടികള്‍ നടത്തി. വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങൾ, വിവാഹേതര ബന്ധങ്ങൾ, ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് വിവാഹിതരാകാന്‍ തയാറെടുക്കുന്ന യുവതീയുവാക്കള്‍ക്കായി കമീഷൻ വിവാഹപൂര്‍വ വിദ്യാഭ്യാസപരിപാടിക്ക് തുടക്കമിട്ടത്.
നാലുവര്‍ഷത്തിനിടെ നിരവധി ഗവേഷണപഠനങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ കുറഞ്ഞുവരുന്ന ആൺ-പെണ് ശിശു അനുപാതം, സ്ത്രീസംരംഭകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, ജയില്‍ശിക്ഷ അനുഭവിച്ച സ്ത്രീകളുടെ പ്രശ്നങ്ങൾ, മാധ്യമങ്ങളിലെ സ്ത്രീസങ്കല്പം, ടി.വി സീരിയലുകളും പരസ്യങ്ങളും കൗമാരക്കാരില്‍ ചെലുത്തുന്ന സ്വാധീനം തുടങ്ങിയവയാണ് പൂര്‍ത്തിയായ ഗവേഷണ പഠനങ്ങൾ. പതിനഞ്ചോളം വിഷയങ്ങളില്‍ പഠനം നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.