തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം: ചട്ട ഭേദഗതിക്ക് നിർദേശം നൽകണം -വനിത കമീഷൻ
text_fieldsകൊച്ചി: തൊഴിലിടങ്ങളിൽ വനിതകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോഷ് ആക്ടിന്‍റെ ചട്ടങ്ങൾ ഭേദഗതി ചെയ്ത് കാര്യക്ഷമമാക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് സംസ്ഥാന വനിത കമീഷൻ ഹൈകോടതിയിൽ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികളിൽ കേന്ദ്ര സർക്കാറിനെ കക്ഷിചേർക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. സിനിമ നയരൂപവത്കരണം സംബന്ധിച്ച് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് കമീഷന്‍റെ നിർദേശങ്ങൾ.
സിനിമ സംഘടനകൾ രൂപവത്കരിച്ച ആഭ്യന്തര പരാതി പരിഹാര സമിതികളിൽ പലതും നിയമപരമല്ലെന്ന് വിശദീകരണ പത്രികയിൽ പറയുന്നു. പലതും പോഷ് ആക്ട് വകുപ്പുപ്രകാരം രൂപവത്കരിച്ചതല്ല. കേന്ദ്ര വ്യവസ്ഥകളിലെ വൈരുധ്യം മൂലം സംസ്ഥാന സർക്കാറിന് ഇനിയും പോഷ് ആക്ടിന് അനുസൃതമായ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാനായിട്ടില്ല. നിയമ ലംഘനമുണ്ടായാൽ ആരാണ് പരാതിപ്പെടേണ്ടതെന്നതിലടക്കം വ്യക്തതയില്ല. അതിനാൽ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാറിനോട് നിർദേശിക്കണമെന്നാണ് വനിത കമീഷന്‍റെ ആവശ്യം.
കേരള ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ലിംഗ നീതി പരിശീലനം നൽകുമെന്ന സർക്കാർ നിർദേശത്തെ വനിത കമീഷൻ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.