പട്ടികവര്‍ഗ കോളനികളിലെ പ്രശ്‌നങ്ങള്‍ അടുത്തറിഞ്ഞ് വനിത കമീഷന്‍
text_fieldsകുറ്റിക്കോല്‍: പഞ്ചായത്തില്‍ വനിത കമീഷൻ ക്യാമ്പിന് തുടക്കമായി. കുറ്റിക്കോല്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന വനിത കമീഷനാണ് ക്യാമ്പ് നടത്തുന്നത്. ആദ്യദിനം വനിത കമീഷന്‍ അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്തിലുള്ള സംഘം കുറ്റിക്കോല്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ ഊരുകളായ മാണിമൂല, നരമ്പില കണ്ടം, മാനടുക്കം എന്നിവ സന്ദര്‍ശിച്ചു. തുടര്‍ന്ന് പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ക്ഷേമപദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിന് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗംചേര്‍ന്നു. രണ്ടു ദിവസങ്ങളായി സംഘടിപ്പിക്കുന്ന ക്യാമ്പ് ഞായറാഴ്ച രാവിലെ 10ന് കുറ്റിക്കോല്‍ വ്യാപാരി വ്യവസായി സമിതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറോടുകൂടി സമാപിക്കും. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അടിയന്തരമായി അതിന് പരിഹാരം കാണുന്നതിന് സര്‍ക്കാറിന് ശിപാര്‍ശ നല്‍കുന്നതിനാണ് രണ്ടു ദിവസത്തെ ക്യാമ്പ്.
കുറ്റിക്കോല്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ കോളനികളിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വനിത കമീഷന്‍ ഇടപെടുമെന്ന് അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ പല പദ്ധതികളും പട്ടികവര്‍ഗ മേഖലകളിലേക്ക് കൃത്യമായി എത്തിച്ചേരുന്നില്ലെന്ന് കോളനിസന്ദര്‍ശനത്തില്‍ മനസ്സിലായെന്നും അവർ പറഞ്ഞു.കുറ്റിക്കോല്‍പഞ്ചായത്തിലെ മാണിമൂല,നരമ്പില കണ്ടം, മാനടുക്കം എന്നീ കോളനികളാണ് ക്യാമ്പിന്റെ ഭാഗമായി സന്ദര്‍ശിച്ചത്. ഈ കോളനികളുടെ വികസനത്തിനായി പട്ടികവർഗ പ്രമോട്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. മാണിമൂല തട്ട് കോളനിയില്‍ കുടിവെള്ളപ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നും ഇതിന് പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനവുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കുഞ്ഞായിഷ പറഞ്ഞു. നരമ്പിലക്കണ്ടം കോളനിയില്‍ പട്ടയപ്രശ്നമുള്ളതിനാല്‍ വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍പറ്റാത്ത സാഹചര്യമാണ്. വനിത കമീഷന്‍ ഇക്കാര്യത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കും.
മാണിമൂല തട്ടു കോളനിയില്‍ രണ്ടു വീടുകളാണ് സന്ദര്‍ശിച്ചത്. വളരെ ചെറുപ്പത്തില്‍തന്നെ ഭര്‍ത്താവ് നഷ്ടപ്പെട്ട് രണ്ടു വയസ്സുള്ള കുഞ്ഞുമായി അമ്മയുടെ തണലില്‍ കഴിയുന്ന ജി. കാര്‍ത്തികയുടെ വീടും വളരെക്കാലമായി ചികിത്സയില്‍ കഴിയുന്ന കെ. കമലയുടെ വീടും സന്ദർശിച്ച് ഇരുവരുടെയും പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷന്‍ പദ്ധതികളെക്കുറിച്ച് ഇരുവര്‍ക്കും വിശദീകരിച്ചുകൊടുത്തു.
വനിത കമീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, വനിത കമീഷന്‍ പ്രോജക്ട് ഓഫിസര്‍ എന്‍. ദിവ്യ, കമീഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, വൈസ് പ്രസിഡന്റ് ശോഭനകുമാരി, മെംബര്‍മാരായ കെ. കുഞ്ഞിരാമന്‍, നാരായണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോളനി സന്ദര്‍ശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.