സ്ത്രീശാക്തീകരണം സർക്കാർ ലക്ഷ്യം -മന്ത്രി ആർ. ബിന്ദു
text_fieldsകാഞ്ഞങ്ങാട്: സ്ത്രീശാക്തീകരണ പദ്ധതികളും പരിപാടികളും സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹികക്ഷേമ മന്ത്രി ഡോ. ആർ. ബിന്ദു. കാഞ്ഞങ്ങാട് നടക്കുന്ന സമം സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീശാക്തീകരണത്തിലും സ്ത്രീസാക്ഷരതയിലും സ്ത്രീവിദ്യാഭ്യാസത്തിലും രാജ്യത്ത് ഉയർന്നുനിൽക്കുന്നത് കേരളമാണ്. കുടുംബശ്രീ ഇതിന് ഉത്തമ മാതൃകയാണ്. ഇതൊക്കെ പറയുമ്പോഴും സ്ത്രീധനംപോലുള്ള ആചാരങ്ങൾ ഇപ്പോഴും സ്ത്രീകളെ പിറകോട്ട് പിടിച്ചുവലിക്കുന്നുവെന്ന യാഥാർഥ്യവും കേരളത്തിൽ നമുക്ക് കാണാനാകും. പൊതുവിടങ്ങൾ ഇപ്പോഴും സ്ത്രീസൗഹാർദപരമാണോയെന്ന വിഷയം ചർച്ച ചെയ്യപ്പെടേണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറച്ചൊക്കെ പ്രകാശമാനമായ ചിത്രങ്ങളാണ് കേരളത്തിലുള്ളത്. പിന്തിരിപ്പൻ ശക്തികളെ ശക്തമായി നേരിടാൻ സ്ത്രീകൾ കരുത്തുനേടണമെന്നും മന്ത്രി പറഞ്ഞു.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം സി.ജെ. സജിത്ത് സമം അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ബിന്ദു മരങ്ങാട് (സാഹിത്യം), സി.പി. ശുഭ (കല), ഭാർഗവിക്കുട്ടി കോറോത്ത് (വിദ്യാഭ്യാസം), എം. ലക്ഷ്മി (പൊതുപ്രവർത്തനം), മുംതാസ് അബ്ദുല്ല (കൃഷി), ഡോ. രാജി രാജൻ (ആരോഗ്യം), രൂപ വോർക്കാടി (തുളു സിനിമ), മല്ലികാഗോപാൽ (വനിത സംരംഭക), നജില മുഹമ്മദ് സിയാദ് (പ്രവാസി സംരംഭക), പി.ആർ. വൃന്ദ (ഭിന്നശേഷി), ആർ.എൽ.വി. ചാരുലത (സംഗീതം) എന്നിവർക്കുള്ള അവാർഡ് വിതരണം മന്ത്രി നിർവഹിച്ചു.
ഷാനവാസ് പാദൂർ, കെ.വി. സുജാത, എസ്. പ്രീത, എസ്. ശോഭ, എസ്.എൻ. സരിത, എം. മനു, ഷിനോജ് ചാക്കോ, വി.വി. രമേശൻ, വന്ദന ബൽരാജ് എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സ്വാഗതവും വജ്രജൂബിലി പദ്ധതി ജില്ല കോഓഡിനേറ്റർ പ്രവീൺ നാരായണൻ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് അലാമിപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ സമം സാംസ്കാരികോത്സവത്തിലെ കലാവിരുന്നുകൾ ആസ്വദിക്കാൻ നിരവധിപേരാണ് എത്തിയത്. ഭരണഘടന ക്വിസ് മത്സരത്തിൽ 26 ടീമുകൾ പങ്കെടുത്തു.
പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്രവിഭാഗം അധ്യാപകൻ ഡോ. നന്ദകുമാർ കൊറോത്ത് ക്വിസ് മാസ്റ്ററായി. അജാനൂർ പഞ്ചായത്തിലെ എം.വി. സയന, എൻ.വി. രേഷ്മ എന്നിവർ ഒന്നും കോടോം ബേളൂർ പഞ്ചായത്തിലെ കെ.വി. സരിത, എം. സ്മിത എന്നിവർ രണ്ടും ഉദുമ പഞ്ചായത്തിലെ എ. ഗീതു, പി. ശ്രീജിനി എന്നിവർ മൂന്നും സ്ഥാനം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.