വി.എച്ച്.പി റാലിയിൽ വാളേന്തി വനിതകളുടെ പ്രകടനം; കേസെടുത്തു
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ വാളുകളുമായി പഥസഞ്ചലനം നടത്തിയെന്ന പരാതിയിൽ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ ആര്യന്‍കോട് പൊലീസ് കേസെടുത്തു. പോപുലർ ഫ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയുധ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘം ചേരുക, കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മേയ് 22നായിരുന്നു കിഴാറൂരില്‍ വി.എച്ച്.പിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പെൺകുട്ടികൾ പങ്കെടുത്ത ദുർഗാവാഹിനി പഥസഞ്ചലനം നടന്നത്. നാല് പെൺകുട്ടികളുടെ കൈകളിലാണ് വാളുകൾ ഉണ്ടായിരുന്നത്. ഗുരുതര സംഭവമായിട്ടും പ്രകടനത്തിനെതിരെ പൊലീസ് കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല.
ആലപ്പുഴയിൽ പോപുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ പൊലീസ് അറസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചതോടെയാണ് ഞായറാഴ്ച പഥസഞ്ചലനത്തിന്റെ വിഡിയോ ദൃശ്യങ്ങളുമായി പോപുലർ ഫ്രണ്ട് നേതാക്കൾ തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡോ. ദിവ്യ ഗോപിനാഥിനെ സമീപിച്ചത്. പരാതി ലഭിച്ചതോടെ, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കാട്ടാക്കട ഡിവൈ.എസ്.പി ആര്യങ്കോട് എസ്.എച്ച്.ഒക്ക് നിർദേശം നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പഥസഞ്ചലനത്തിന് പൊലീസിന്റെ അനുമതിപോലുമില്ലായിരുന്നെന്ന് തെളിഞ്ഞത്.
പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് എട്ട് ദിവസത്തിനുശേഷം കേസെടുക്കാൻ ആര്യൻകോട് പൊലീസ് നിർബന്ധിതമായത്. ഇത്തരമൊരു മാർച്ച് ഉന്നത പൊലീസ് അധികാരികളുടെ ശ്രദ്ധയിൽപെടുത്തുന്നതിൽ ജില്ല സ്പെഷൽ ബ്രാഞ്ചിനും സംസ്ഥാന സ്പെഷൽ ബ്രാഞ്ചിനും രഹസ്യാന്വേഷണ വിഭാഗത്തിനും ഗുരുതര വീഴ്ച സംഭവിച്ചതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.