കണ്ണുംപൂട്ടി ഒപ്പിടാനാവില്ലെന്ന് ഗവർണർ; ഓർഡിനൻസുകൾ റദ്ദാകുന്നു
text_fieldsതിരുവനന്തപുരം: ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിയമനിർമാണത്തിനായി കൊണ്ടുവന്ന 11 ഓർഡിനൻസുകൾ റദ്ദാകും. ലോകായുക്ത നിയമഭേദഗതിയും ഇതിൽ ഉൾപ്പെടും. ഇതിൽ മിക്ക ഓർഡിനൻസുകളും ഒന്നിലേറെ തവണ പുതുക്കിയതാണ്.
ഓർഡിനൻസ് റദ്ദാകുന്നതോടെ ലോകായുക്ത നിയമത്തിലെ ഭേദഗതി ഉൾപ്പെടെയുള്ളവ റദ്ദാവുകയും പഴയ നിയമം പ്രാബല്യത്തിലാവുകയും ചെയ്യും.
ഓർഡിനൻസുകളിൽ കണ്ണുമടച്ച് ഒപ്പിടില്ലെന്നും വിശദീകരണം ആവശ്യമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഒരുമിച്ച് ഓർഡിനൻസുകൾ ലഭിക്കുമ്പോൾ വിശദാംശങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണം. കണ്ണുംപൂട്ടി ഒപ്പിടാനാവില്ല. ഓർഡിനൻസിനെ കുറിച്ച് വ്യക്തമായ വിശദീകരണവും തനിക്ക് വേണം. മനസ്സ് പൂർണമായി അർപ്പിക്കാതെ ഞാൻ ഒന്നും ചെയ്യുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും ഡൽഹിയിലുള്ള ഗവർണർ പ്രതികരിച്ചു.
ഓർഡിനൻസിലൂടെയാണ് ഭരിക്കുന്നതെങ്കിൽ എന്തിനാണ് നിയമ നിർമാണസഭകളെന്നും അദ്ദേഹം ചോദിച്ചു. പരിശോധിക്കാതെയാണ് ഓർഡിനൻസുകളിൽ ഒപ്പിട്ടതെന്ന് ചൂണ്ടിക്കാട്ടി മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹ്മദിനെ ഇന്ത്യൻ മാധ്യമങ്ങൾ വലിയതോതിൽ വിമർശിച്ചിരുന്നു - ഗവർണർ പറഞ്ഞു.
വ്യാഴാഴ്ച രാത്രി മാത്രമേ ഗവർണർ തിരുവനന്തപുരത്ത് തിരിച്ചെത്തുകയുള്ളൂ. തിങ്കളാഴ്ചയാണ് 11 ഓർഡിനൻസുകളുടെ കാലാവധി പൂർത്തിയായത്. ഓർഡിനൻസുകൾ പുതുക്കാൻ കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനമെടുക്കുകയും അതുപ്രകാരം ഗവർണർക്ക് അയക്കുകയുമായിരുന്നു. ഓർഡിനൻസുകൾ പുതുക്കി ഇറക്കാനുള്ള സാഹചര്യം സർക്കാർ വിശദീകരിക്കണമെന്നാണ് ഗവർണറുടെ നിലപാട്. പുതുക്കാനുള്ള ഫയൽ രാജ്ഭവനിലേക്ക് അയക്കുന്നതിന് പകരം, അടിയന്തര സാഹചര്യം ബന്ധപ്പെട്ട മന്ത്രിമാർ നേരിട്ട് വന്ന് വിശദീകരിക്കണമെന്ന് വ്യക്തമാക്കി ഗവർണർ കത്തും നൽകിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി നേരിൽ കണ്ട് സാഹചര്യം വിശദീകരിച്ചാൽ കാലഹരണപ്പെടുന്നതിനു മുമ്പുള്ള തീയതി വെച്ച് ഗവർണർ ഒപ്പിട്ടാൽ അസാധുവാകുന്ന സാഹചര്യം ഒഴിവാക്കാമെന്ന പ്രതീക്ഷയാണ് സർക്കാറിനുള്ളത്. അല്ലാത്ത പക്ഷം ഓർഡിനൻസുകൾ വീണ്ടും മന്ത്രിസഭയിൽ കൊണ്ടുവന്ന് ഗവർണർക്ക് അയക്കേണ്ട സാഹചര്യമുണ്ടാകും. നിയമസഭ സമ്മേളനം തുടങ്ങി 42 ദിവസം വരെയാണ് ഓർഡിനൻസുകളുടെ കാലാവധി.
കഴിഞ്ഞ സഭ സമ്മേളനം തുടങ്ങിയതു മുതൽ 42 ദിവസം തിങ്കളാഴ്ച പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഓർഡിനൻസുകൾ കാലഹരണപ്പെടുന്നത്. അതേസമയം, സർവകലാശാല ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരങ്ങൾ കവരുന്ന രീതിയിൽ ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചതാണ് ഗവർണറെ പ്രകോപിതനാക്കിയതെന്നാണ് സൂചന. ഇക്കാര്യങ്ങളിൽ ഉൾപ്പെടെ സർക്കാർ വ്യക്തത വരുത്തിയാൽ മാത്രമേ ഗവർണർ വഴങ്ങൂവെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.