മുട്ടിൽ മരംകൊള്ള: വ്യാജരേഖകൾ ചമച്ചുവെന്ന് റിപ്പോർട്ട്
text_fieldsകൊച്ചി: വയനാട് മുട്ടിൽ മരംകൊള്ളക്ക് ശേഷം വനംവകുപ്പ് കണ്ടെത്തലുകൾ അട്ടിമറിക്കാൻ മാഫിയ സംഘം വ്യാജരേഖകൾ ചമച്ചുവെന്ന് അന്വേഷണ റിപ്പോർട്ട്. ഫ്ലയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ പി. ധനേഷ്‌കുമാർ ഫോറസ്റ്റ് കൺസർവേറ്റർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഉടമ റോജി അഗസ്റ്റിനാണ് വ്യാജരേഖകൾ തയാറാക്കിയത്. അനുമതി അപേക്ഷയുടെ തീയതിയിൽ ഡിവിഷണൽ ഓഫിസിലെ സീനിയർ സൂപ്രണ്ടിൻെറ സഹായത്തോടെയാണ് മാറ്റം വരുത്തിയതെന്നും കണ്ടെത്തി.
അനുമതിയില്ലാതെ മരങ്ങൾ മുറിച്ചതിലും മരം കടത്തിയതിലും പ്രതിസ്ഥാനത്തുള്ള സ്ഥാപനമാണ് വയനാട് വാഴവറ്റിയിൽ പ്രവർത്തിക്കുന്ന സൂര്യ ടിമ്പേഴ്സ്. എറണാകുളത്ത് കസ്റ്റഡിയിലെടുത്ത മരത്തടികൾ കൊണ്ടുവന്നത് വയനാട്ടിലെ സൂര്യ ടിമ്പേഴ്സിൻെറ ഫോറം നാല് പാസ് വഴിയാണ്. മുറിച്ച മരങ്ങൾ കടത്തുന്നതിന് വനംവകുപ്പ് നൽകുന്ന അനുമതിയാണ് ഫോറം നാല് പാസ്. ഫെബ്രുവരി എട്ടിന് മേപ്പാടി റേഞ്ചിലെ മുണ്ടക്കൈ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ വാഴവറ്റ സൂര്യ ടിമ്പോഴ്സിൽ പരിശോധന നടത്തി മഹസർ തയാറാക്കിയിരുന്നു.
അന്ന് റോജി അഗസ്റ്റിൻെറ പക്കൽ പാസിൻെറ (ഫോറം നാല്) ഡ്യൂപ്ലിക്കേറ്റ് കോപ്പികൾ കണ്ടെത്തിയിരുന്നു. അതിൻെറ ഒറിജിനൽ നൽകാൻ ഉടമയോട് ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചുവെന്നാണ് മഹസറിൽ വ്യക്തമാക്കുന്നത്.
കേസിൽ നിർണായകമായ ഈ മഹസർ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഉടമ സൗത്ത് വയനാട് സീനിയർ സുപ്രണ്ടിൻെറ സഹായം തേടി. അതിന് വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഉടമ റോജി അഗസ്റ്റിൻ ഫെബ്രുവരി ആറ് എന്ന് രേഖപ്പെടുത്തി ഫെബ്രുവരി ഒമ്പതിന് ഡ്യൂപ്ലിക്കേറ്റ് സൗത്ത് വയനാട് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഇനിഷ്യൽ ചെയ്ത രസീത് വാങ്ങി. ഉദ്യോഗസ്ഥൻ ഇത് നൽകിയത് കുറ്റകരമായ അനാസ്ഥയാണ്. ഓർമ്മപിശക് എന്നാണ് സൂപ്രണ്ട് അതിന് നൽകിയ മറുപടി.
ബാഹ്യമായ സമ്മർദത്തിനോ ഭീഷണിക്കോ വഴങ്ങിയാണ് ഇത് ചെയ്തതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സൂര്യ ടിേമ്പഴ്സ് ഉടമ തുടർച്ചയായ ദിവസങ്ങളിൽ ഡിവിഷണൽ ഓഫിസിൽ വന്നിരുന്നതായും തെളിവുണ്ട്. ബത്തേരി അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ, എലിഫൻറ് സ്ക്വാഡ് റെയിഞ്ച് ഓഫിസർ, ഇരുളത്തെയും മുണ്ടക്കെയിലെയും ഡെപ്യൂട്ടി റേയിഞ്ച് ഓഫിസർമാർ തുടങ്ങിയവർ ഇതിനെല്ലാം സാക്ഷികളാണ്. അവർ വ്യക്തമായ മൊഴിയും നൽകിയിട്ടുണ്ടെന്നാണ് ധനേഷ്കുമാറിൻെറ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.