വാളറ ഫോറസ്റ്റ് സ്‌റ്റേഷൻ റിസര്‍വ് വനത്തില്‍ കോടികളുടെ മരം കൊള്ള
text_fieldsഅടിമാലി: വാളറ ഫോറസ്റ്റ് സ്‌റ്റേഷനു കീഴില്‍ വരുന്ന റിസര്‍വ് വനഭൂമിയിൽനിന്ന് കോടികള്‍ വിലമതിക്കുന്ന വന്‍മരങ്ങള്‍ വെട്ടിക്കടത്തി. ചന്ദനം, ഈട്ടി, തേക്ക് എന്നിവക്ക് പുറമെ ചുവന്ന അകില്‍, നാങ്ക് മരങ്ങളും വെട്ടിക്കടത്തിയവയിൽ ഉൾപ്പെടുന്നു. വനപാലകരുടെ മൂക്കിനു താഴെയാണ് ഈ വനംകൊള്ള.
കുളംമാംകുഴി ആദിവാസി കോളനിയോട് ചേര്‍ന്ന വനഭൂമിയിൽനിന്ന് നൂറിലേറെ മരങ്ങള്‍ വെട്ടിക്കടത്തിയതായാണ് വിവരം. 100 മുതല്‍ 250 ഇഞ്ചുവരെ വണ്ണമുള്ളതാണ് മരങ്ങൾ. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വാളറ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥര്‍ 20 മരങ്ങള്‍ വെട്ടിയത് സംബന്ധിച്ച് കേസ് എടുത്തു. വനവാസികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ അന്വേഷണവും ആരംഭിച്ചു. വാളറ കുത്ത് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തുനിന്നാണ് കുളമാംകുഴി ആദിവാസി സങ്കേതത്തില്‍ എത്താന്‍ കഴിയുക. മുറിച്ചെടുത്ത മരങ്ങള്‍ രാത്രി ഈ പാതയിലൂടെ ചെറുവാഹനങ്ങളില്‍ ദേശീയപാതയില്‍ എത്തിച്ച് വലിയ വാഹനങ്ങളിലേക്ക് മാറ്റിയാണ് കടത്തിയത്. വാളറ ഫോറസ്റ്റ് സ്‌റ്റേഷന്റെ രണ്ട് കിലോമീറ്റര്‍ ഉള്ളിലാണ് ഈ പ്രദേശം. നേര്യമംഗലം റേഞ്ച് ഓഫിസും സമീപത്താണ്. വനപാലകരുടെ അറിവില്ലാതെ ഇവിടെ നിന്ന് ഇത്രയും മരങ്ങള്‍ മുറിച്ചു കടത്താനാവില്ലെന്ന് പറയപ്പെടുന്നു.
തലക്കോട് ചെക്ക്പോസ്റ്റ് വഴിയാണ് ഇവ കടത്തിയതെന്നാണ് വിവരം. വെള്ളയിനത്തില്‍ വരുന്ന അകില്‍ മരത്തിന് മറയൂര്‍ ചന്ദനമരത്തിന്റെ സുഗന്ധമുണ്ട്. മറയൂര്‍ ചന്ദനമെന്ന നിലയില്‍ തട്ടിപ്പുസംഘങ്ങളും ഇത് ഉപയോഗപ്പെടുത്തുന്നു. ചുവന്ന അകില്‍ ഔഷധമായും ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.