സിൽവർ ലൈനിൽ വാക്പോരും വെല്ലുവിളിയും
text_fieldsതിരുവനന്തപുരം: ഇടതു സർക്കാറിന്റെ സ്വപ്ന പദ്ധതിയായ കെ-റെയിലിനെതിരെ സംസ്ഥാനവ്യാപക പ്രക്ഷോഭം തുടരുമ്പോഴും പദ്ധതിയിൽനിന്ന് ഒരടി പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് കേരളം നടത്തുന്നതെന്നും മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് പ്രതിപക്ഷം വഴങ്ങിക്കൊടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തിരിച്ചടിച്ചതോടെ സിൽവർ ലൈനിൽ വാക്പോര് കനത്തു.
അതിനിടെ, സിൽവർ ലൈൻ സർവേക്കല്ല് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള സംസ്ഥാനവ്യാപക പ്രതിഷേധം തുടരുന്നു. മലപ്പുറം തിരൂരിലും എറണാകുളം ചോറ്റാനിക്കരയിലും വൻ പ്രതിഷേധം അരങ്ങേറി. രോഷാകുലരായ സമരക്കാർ സർവേക്കല്ലുകൾ പിഴുതെറിഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യവെയാണ് സിൽവർ ലൈനിൽ മുഖ്യമന്ത്രി തന്റെ നിലപാട് ആവർത്തിച്ചത്. എന്തൊക്കെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ പൂര്‍ണമായും നടപ്പാക്കുമെന്നും പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിലൊതുങ്ങില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. നവകേരള സൃഷ്ടിക്കാണ് സര്‍ക്കാര്‍ ശ്രമം.
അതിനെ നാടാകെ അനുകൂലിക്കുന്നു. എന്നാൽ, ഒരിക്കലും അത് സംഭവിക്കാൻ പാടില്ലെന്ന് വിചാരിക്കുന്ന ഒരുവിഭാഗം നാട്ടിലുണ്ടെന്ന് കഴിഞ്ഞദിവസം നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. നാടിന്റെ പുരോഗതിക്ക് തടസ്സംനിൽക്കുന്ന വിഭാഗമായി കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം മാറി. ബി.ജെ.പിയും അതേ നിലപാടിലാണ്. കേരളം ഒരിഞ്ച് മുന്നോട്ടുപോകരുതെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. നേരത്തെയും അതിന് ശ്രമിച്ചിരുന്നു. അത് പരാജയപ്പെടുത്തിയാണ് സംസ്ഥാനം പുരോഗതി നേടിയത്. വീണ്ടും ആ ശ്രമം നടത്തുകയാണ്. ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത തരത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുക്കുന്ന ജനകീയസമരമാണിതെന്ന് വി.ഡി. സതീശൻ പറഞ്ഞു. സി.പി.എം ചെയ്തപോലുള്ള അക്രമങ്ങള്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിലുണ്ടായിട്ടില്ല. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് കേരളം നടത്തുന്നത്. സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ നന്ദിഗ്രാമില്‍ സി.പി.എമ്മിന് സംഭവിച്ചത് കേരളത്തിലും സംഭവിക്കും. യു.ഡി.എഫ് ജനങ്ങള്‍ക്കൊപ്പമാണ്.
കൃത്യമായ പഠനങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് യു.ഡി.എഫ് പദ്ധതിയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, തിരൂർ തലക്കാട് പഞ്ചായത്തിൽ പദ്ധതിക്കെതിരെ വൻ പ്രതിഷേധം അരങ്ങേറി. തെക്കൻ കുറ്റൂർ, വെങ്ങാലൂർ എന്നിവിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. തലക്കാട് പഞ്ചായത്തിൽ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. വെങ്ങാലൂർ ജുമുഅത്ത് പള്ളി പരിസരത്ത് വൻ ജനാവലി തടിച്ച് കൂടിയതിനാൽ പള്ളിപ്പറമ്പിൽ കല്ല് സ്ഥാപിച്ചില്ല. പള്ളിപ്പറമ്പ് ഒഴിവാക്കിയാണ് കല്ലിടൽ നടത്തിയത്.
എന്നാൽ, പള്ളിയുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗത്ത് കല്ല് സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ പദ്ധതി നടപ്പാക്കണമെങ്കിൽ പള്ളിയുടെ സ്ഥലവും നഷ്ടപ്പെടുന്ന അവസ്ഥയാണ്. കുറ്റൂരിൽ സർവേ നടക്കുമ്പോൾ പ്രദേശം സന്ദർശിച്ച തിരൂർ തഹസിൽദാറുമായി നാട്ടുകാർ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് സംഘർഷമൊഴിവാക്കി. പലയിടങ്ങളിലും കുഴിച്ചിട്ട സർവേക്കല്ല് സമരക്കാർ പിഴുതെറിഞ്ഞു.
ചോറ്റാനിക്കരയിലും കെ-റെയിലിനായി സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ സമരസമിതി പ്രവര്‍ത്തകര്‍ കനാലിലേക്ക് പിഴുതെറിഞ്ഞു. ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ അമ്പലത്തിനു സമീപത്തെ പാടശേഖരത്തില്‍ വെള്ളിയാഴ്ച സ്ഥാപിച്ച ഏതാനും കല്ലുകളാണ് പിഴുതുമാറ്റിയത്. സമരസമിതി നേതൃത്വത്തില്‍ വൻ പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ചോറ്റാനിക്കരയില്‍ ശനിയാഴ്ച നടത്താനിരുന്ന സര്‍വേനടപടി നിര്‍ത്തിവെച്ചു. തിങ്കളാഴ്ച മുതല്‍ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.