വയനാട്ടിലേക്ക് തുരങ്ക പാത മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കും –മുഖ്യമന്ത്രി
text_fieldsതിരുവമ്പാടി: അനാവശ്യ വിവാദങ്ങൾക്കു മുന്നിൽ സംസ്ഥാന സർക്കാർ കീഴടങ്ങില്ലെന്നും ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തുരങ്കപാത പദ്ധതി പ്രഖ്യാപനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബദല്‍ തുരങ്കപാത സര്‍ക്കാരിെൻറ 100 ദിന കർമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യാഥാർഥ്യമാക്കുന്നത്.
പരിസ്ഥിതി സംരക്ഷിച്ച് വികസനം യാഥാർഥ്യമാക്കാനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാരിസ്ഥിത പ്രശ്നങ്ങൾ ചർച്ചചെയ്ത ശേഷമാണ് വനഭൂമിക്ക് അടിയിലായി തുരങ്ക പാത നിർമാണമെന്ന ആശയം സ്വീകരിച്ചത്. 900 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ തുക ആവശ്യമെങ്കിൽ കണ്ടെത്തും. പരിസ്ഥിതിലോല പ്രദേശമായ താമരശ്ശേരി ചുരത്തിലെ ഗതാഗതത്തിരക്ക് കുറച്ച് ചുരത്തിെൻറ തനിമ നിലനിർത്താനും ബദൽ പാത സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിക്ക് കിഫ്ബി സാമ്പത്തിക സഹായത്തോടെ 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി ലഭിച്ചുകഴിഞ്ഞു.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. ശിലാഫലകം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊങ്കൺ റെയിൽവേ ഓഫിസർ ഇൻ ചാർജ് എം.ആർ. മോഹൻ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.
മന്ത്രി എ.കെ. ശശീന്ദ്രൻ, പി.ടി.എ. റഹീം എം.എൽ.എ, എം.വി. ശ്രേയാംസ് കുമാർ എം.പി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവർ സംസാരിച്ചു. ജോർജ് എം. തോമസ് എം.എൽ.എ സ്വാഗതവും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജീനിയർ കെ. വിനയരാജ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ ജില്ല പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി.ടി. അഗസ്റ്റിൻ (തിരുവമ്പാടി), ലിസി ചാക്കോ (കോടഞ്ചേരി), ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ചുരത്തിന് ബദലായി തുരങ്കം
മേപ്പാടി: നീണ്ട കാത്തിരിപ്പിനൊടുവിലാണ് തുരങ്കപാത വരുന്നത്. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര നിലവില്‍ സമയനഷ്ടം ഉണ്ടാക്കുന്നതാണ്. കനത്ത മഴയിൽ മണ്ണിടിച്ചില്‍ കാരണം ദിവസങ്ങളോളം ഗതാഗത തടസ്സമുണ്ടാകാറുണ്ട്. പാത വനഭൂമിയിലൂടെ കടന്നുപോകുന്നതിനാല്‍ വീതികൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നതിനും ഒട്ടേറെ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ബദൽ പാത ആശയമുദിച്ചത്..
ചെങ്കുത്തായ മലനിരകളും വനഭൂമി വിട്ടുകിട്ടുന്നതിലുള്ള പ്രയാസങ്ങളും ബദൽപാതക്ക് തടസ്സങ്ങളായി. ചിപ്പിലിത്തോട്- മരുതിലാവ് വഴിയും ആനക്കാംപൊയിൽ-വെള്ളരിമല വഴിയുമുള്ള സാധ്യതകൾ പരിശോധിച്ചിരുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള റൂബി സോഫ്റ്റ് ടെക് 2015ൽ ബദൽപാതകളുടെ സാധ്യതകൾ പരിശോധിക്കുന്നതിനിടയിലാണ് നിർദിഷ്ടപാതയുടെ ആശയം കടന്നു വന്നത്. ഉപരിതലം വഴിയാവുമ്പോൾ പാത വനഭൂമിയിലൂടെയായിരിക്കും കടന്നുപോവേണ്ടിവരുകയെന്നും അതിനു പകരം മല തുരന്ന് തുരങ്കം നിർമിച്ചാൽ ഈ പ്രതിസന്ധി മറികടക്കാമെന്നുമായിരുന്നു പഠന റിപ്പോർട്ട്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ആനക്കാംപൊയിലിന് സമീപമുള്ള മറിപ്പുഴയിലെ സ്വർഗം കുന്നിൽനിന്ന് ആരംഭിച്ച് കല്പറ്റ മണ്ഡലത്തിലെ കള്ളാടിക്കു സമീപമാണ് പാത അവസാനിക്കുക.
ഈ സർക്കാരിെൻറ ആദ്യ ബജറ്റിൽതന്നെ തുരങ്കപാതക്കായി 20 കോടി രൂപ നീക്കിവെച്ചു. പൊതുമരാമത്ത് വകുപ്പിന് തുരങ്കപാത നിർമാണത്തിൽ മുൻപരിചയമോ സാങ്കേതിക വൈദഗ്ധ്യമോ ഇല്ലാതിരുന്നതിനാൽ ഡോ. ഇ. ശ്രീധരെൻറ സഹായത്തോടെ കൊങ്കൺ റെയിൽവേ കോർപറേഷനെ പദ്ധതി ഏൽപിച്ചു. സർവേ, വിശദ പദ്ധതി രൂപരേഖ, നിർമാണം എന്നിവ ടേൺ കീ അടിസ്ഥാനത്തിൽ നൽകുന്നതിനാണ് സർക്കാർ ഉത്തരവായത്. കെ.ആർ.സി.എൽ, കിഫ്ബി, പി.ഡബ്ല്യു.ഡി എന്നിവ ത്രികക്ഷി കരാറിൽ ഏർപ്പെട്ടു. മറിപ്പുഴ കുണ്ടൻതോടിൽ 70 മീറ്റർ നീളത്തിൽ രണ്ടു വരി പാലം, സ്വർഗംകുന്നിലേക്ക് രണ്ടു കിലോമീറ്റർ നീളത്തിൽ രണ്ടുവരി പാത, ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള രണ്ടു വരി തുരങ്കപാത എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. തുരങ്ക പാതക്ക് ഏഴു കിലോമീറ്റര്‍ നീളമുണ്ട്. തുരങ്കപാതയിലേക്ക് എത്താനായി കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ദേശീയപാത 766ല്‍നിന്ന് വഴി മാറിയുള്ള പൊതുമരാമത്തു വകുപ്പിെൻറ റോഡ് ഉപയോഗപ്പെടുത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.