ജോലി ഭാരം; ഹൈറിച്ച് കേസ് ഏറ്റെടുക്കാനില്ലെന്ന് സി.ബി.ഐ
text_fieldsകൊച്ചി: മറ്റ് കേസുകളുടെ അമിതജോലി ഭാരം മൂലം ഹൈറിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ ഹൈകോടതിയിൽ. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചതായും സി.ബി.ഐ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
കേസ് സി.ബി.ഐക്ക് വിട്ടശേഷവും സംസ്ഥാന പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുവെന്ന് ആരോപിച്ച് ഹൈറിച്ച് ഡയറക്ടർമാരായ പ്രതാപൻ, ശ്രീന പ്രതാപൻ എന്നിവർ നൽകിയ ഹരജിയിലാണ് സി.ബി.ഐയുടെ വിശദീകരണം. സി.ബി.ഐയോട് കേസെടുക്കാൻ അഭ്യർഥിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഉത്തരവുണ്ടായിട്ടില്ല. സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സി.ബി.ഐ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ഏപ്രിൽ അഞ്ചിനാണ് കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ കത്തയച്ചത്. ഇതിന്മേൽ കേന്ദ്രസർക്കാർ സി.ബി.ഐയുടെ റിപ്പോർട്ട് തേടി. നിലവിൽ ശേഷിക്കപ്പുറം കേസുകൾ അന്വേഷിക്കുന്നുണ്ടെന്നും ആൾക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം കേസെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാറിന് നൽകിയ റിപ്പോർട്ടിൽ സി.ബി.ഐ ബോധിപ്പിച്ചത്.
കേസ് സംസ്ഥാന സർക്കാർ സി.ബി.ഐക്ക് വിട്ടെങ്കിലും അവർ ഏറ്റെടുക്കുന്നതുവരെ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി നേരത്തേ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.