ചെക്പോസ്റ്റിലെ ജോലിഭാരവും മാനസികപീഡനവും
text_fieldsകൊല്ലം: മോട്ടോർവാഹനവകുപ്പ് ചെക്പോസ്റ്റുകളിലെ ജോലിഭാരവും പരിശോധനയുടെ പേരിലെ മാനസികപീഡനവും മൂലം ഉദ്യോഗസ്ഥർ ജോലിയിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാനൊരുങ്ങുന്നു. നിലവിൽ മിക്ക ചെക്പോസ്റ്റുകളിലെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ അവധിയിലാണ്. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരടക്കം ജോലിയിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം.
പരിമിതമായ സൗകര്യത്തിൽ അധികസമയം ഡ്യൂട്ടിയെടുത്തിട്ടും മിന്നൽ പരിശോധന നടത്തി അഴിമതിക്കാരെന്ന് മുദ്രകുത്തുന്ന വിജിലൻസ് നടപടി മാനസികസമ്മർദവും ഒറ്റപ്പെടുത്തലുമുണ്ടാക്കുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചെക്പോസ്റ്റുകൾക്ക് ചുറ്റുപാടും സി.സി ടി.വി കാമറ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാതെയാണ് ഇത്തരം പരിശോധന നടത്തുന്നതെന്നും അവർ ആരോപിച്ചു.
ഒരാഴ്ചക്കുള്ളിൽ അഞ്ചിലധികം തവണയാണ് വിവിധ ചെക്പോസ്റ്റുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. അമിത തുകയോ ക്രമക്കേടോ കണ്ടെത്താതെ വരുമ്പോൾ നികുതിയും പിഴയും അടക്കാൻ വാഹന ഡ്രൈവർമാരിൽ നിന്ന് പണം വാങ്ങി പോകാൻ അനുവദിക്കും. ഇൗ തുകയെ ആണ് കൈക്കൂലി പണമായി പിടിച്ചെടുെത്തന്ന് ചിത്രീകരിക്കുന്നത്.
മിക്ക ചെക്പോസ്റ്റിലും പകൽസമയത്ത് ഒരു എം.വി.ഐ, ഒരു എ.ഐ.എം.വി, ഒരു ഓഫിസ് അസിസ്റ്റൻറ് എന്നിങ്ങനെയും രാത്രി ഒരു എ.എം.വി.ഐയും ഓഫിസ് അസിസ്റ്റൻറുമാണ് ഡ്യൂട്ടിയിലുള്ളത്. തിരക്കുപിടിച്ച ജോലിയാണ് ഉദ്യോഗസ്ഥർക്ക്. ഇതിനിടെ റോഡിലെ വാഹന പരിശോധന നടക്കാറില്ല. രേഖകളില്ലാതെയും ടാക്സ് വെട്ടിച്ചും കടന്നുപോകുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ല. നിലവിൽ തുടർച്ചയായി 12 മണിക്കൂർ ജോലി ചെയ്യേണ്ട സ്ഥിതിയാണ്. മിക്ക ചെക്പോസ്റ്റുകളിലും അടിസ്ഥാനസൗകര്യം തീരെയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.