വെള്ളപ്പൊക്കം നേരിടാൻ കൊച്ചി വിമാനത്താവളമേഖലയിൽ ഊർജിത പ്രവർത്തനം
text_fieldsകൊച്ചി: വെള്ളപ്പൊക്കം പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചിവിമാനത്താവള മേഖലയിലെ തോടുകളും കാനകളും നവീകരിക്കുന്ന പദ്ധതി പൂർത്തിയായി. ചെങ്ങൽതോട് ഉൾപ്പെടെ വിമാനത്താവള മേഖലയിലെ തോടുകളും വിമാനത്താവളത്തിന് തെക്കോട്ട് പതിനഞ്ച് കിലോമീറ്റർ വരെയുള്ള ചാലുകളുമാണ് സിയാൽ ശുചിയാക്കുന്നത്.
കുഴിപ്പള്ളം മുതൽ പറമ്പയം- പാനായിക്കടവ് വരെ യുള്ള 13 കിലോമീറ്റർ ദൂരം മുൻവർഷത്തിൽ 24.68 ലക്ഷം രൂപ ചെലവിട്ട് വൃത്തിയാക്കി. ഈ വർഷത്തെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 29 ലക്ഷം രൂപ ചെലവിട്ടിട്ടുണ്ട്. രണ്ടാംഘട്ട ശുചീകരണം കഴിഞ്ഞദിവസം പൂർത്തിയായി. കപ്രശേരി മേഖലയിലുള്ളവരുടെ ദീർഘകാല ആവശ്യമായ കൈതക്കാട്ടുചിറ തോടിൻെറ മൂന്നു കിലോമീറ്ററോളം ഭാഗം വൃത്തിയാക്കുന്ന പ്രവർത്തനവും പൂർത്തിയാക്കി. ഇതിനായി 7.89 ലക്ഷം രൂപ സിയാൽ ചെലവിട്ടു.
കൈതക്കാട്ടുചിറ, ചെങ്ങൽതോടിൻെറ ചെത്തിക്കോട് മുതൽ എ.പി.വർക്കി റോഡ് വരെയുള്ള ഭാഗം, ചെങ്ങൽതോടിൻെറ കുഴിപ്പള്ളം ഭാഗം എന്നിവിടങ്ങളിലെ കളയും പാഴ്വസ്തുക്കളും മാറ്റുന്ന പ്രവർത്തനവും യുദ്ധകാലാടിസ്ഥാനത്തിൽ നിർവഹിച്ചിട്ടുണ്ട്.
വിമാനത്താവളമേഖലയിലും സമീപ ഗ്രാമങ്ങളിലും വെള്ളക്കെട്ടുണ്ടാകാതെ നോക്കാനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. 2019ലേതുപോലെ തീവ്രമായ മഴയുണ്ടായാലും വെള്ളം വളരെ വേഗത്തിൽ പെരിയാറിൻെറ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒലിച്ചുപോകുന്ന തരത്തിലാണ് നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് സിയാൽ ഈ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.