Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2024 7:16 AM IST Updated On
date_range 3 Oct 2024 7:16 AM ISTബാങ്കിങ് മേഖലയിലെ ജോലിസമ്മർദം മനുഷ്യാവകാശ കമീഷന് മുന്നിലേക്ക്
text_fieldsbookmark_border
തൃശൂർ: ജീവിതവും തൊഴിലും തമ്മിലുള്ള സന്തുലനം തെറ്റുകയും മനുഷ്യാവകാശധ്വംസനം സർവസീമയും ലംഘിക്കുകയും ചെയ്തതോടെ ബാങ്കിങ് രംഗത്ത് ജോലി ചെയ്യുന്നവരുടെ അവസ്ഥ ദേശീയ മനുഷ്യാവകാശ കമീഷന് മുന്നിലേക്കും എത്തുന്നു. ബാങ്കിങ് മേഖലയിലുള്ളവരുടെ അനുഭവങ്ങൾ ശേഖരിക്കാനുള്ള യത്നത്തിലാണ് ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി) ദേശീയ സീനിയർ വൈസ് പ്രസിഡന്റും കേരള ഘടകം സംസ്ഥാന സെക്രട്ടറിയുമായ ശ്രീനാഥ് ഇന്ദുചൂഡൻ. ടെക്കി അന്ന സെബാസ്റ്റ്യന്റെ മരണം ഐ.ടി മേഖലയിലെ പൊള്ളുന്ന യാഥാർഥ്യത്തിന്റെ നേരിയ ഭാഗം പുറത്തുവരാൻ കാരണമായെങ്കിൽ അതിനെക്കാൾ നീറുന്ന അവസ്ഥയിലൂടെയാണ് ബാങ്ക് ജീവനക്കാർ, പ്രത്യേകിച്ച് ഓഫിസർമാർ കടന്നുപോകുന്നതെന്ന് ഓൾ ഇന്ത്യ യൂനിയൻ ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷൻ ദേശീയ വർക്കിങ് പ്രസിഡന്റും കേരള ഘടകം ജനറൽ സെക്രട്ടറിയുമായ ശ്രീനാഥ് ‘മാധ്യമ’ത്തോട് പറഞ്ഞു.
മുടങ്ങാത്ത വേതനം, കുടുംബജീവിതം എന്നിവ തകരാൻ ഒരു സ്ഥലംമാറ്റവും അച്ചടക്കനടപടിയും മാത്രം മതിയെന്ന ബോധ്യം കാരണമാണ് ബാങ്ക് ജീവനക്കാർ എല്ലാം അടക്കിപ്പിടിച്ച് ജീവിക്കുന്നതെന്ന് ശ്രീനാഥ് പറഞ്ഞു. ഒരു പൊതുമേഖല ബാങ്കിന്റെ കേരളത്തിലെ മെട്രോ നഗരത്തിലെ ശാഖകളിൽ ശനിയും ഞായറും അടക്കമുള്ള ദിവസങ്ങളിൽ രാത്രി ഒമ്പതു വരെ ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന ഓഫിസർമാരുണ്ട്. അവലോകന യോഗത്തിൽ പതിവായി അധിക്ഷേപം കേൾക്കേണ്ടിവന്ന് ഒടുവിൽ പ്രതികരിച്ചപ്പോൾ ഒരു ഓഫിസറെ മൂന്നു ദിവസം ഒരു റീജനൽ മേധാവി തന്റെ ഓഫിസിന് പുറത്ത് സ്റ്റൂളിലിരുത്തി ‘ശിക്ഷിച്ചു’. മെമ്മോക്ക് ഓഫിസർ നൽകിയ മറുപടിയിൽ പറഞ്ഞ കാര്യങ്ങളെ അനുകൂലിച്ച സഹപ്രവർത്തകരെയടക്കം ഡറാഡൂണിലേക്കും ഗുവാഹതിയിലേക്കും സ്ഥലംമാറ്റി. വിഷയം കോടതിയുടെ മുന്നിലാണ്.
കർണാടകയിൽ ആത്മഹത്യ ചെയ്ത ഓഫിസർ ബിജുവിനെപ്പോലെ എത്രയോ പേർ ഇത്തരം അനുഭവം നേരിടുന്നു. സ്ഥലംമാറ്റനയത്തിന് പുല്ലുവിലയാണ്. വായ്പാ ടാർഗറ്റ് പൂർത്തിയാക്കാൻ നേരിടുന്ന സമ്മർദം വിവരണാതീതമാണ്. വിഡിയോ കോൺഫറൻസ്, വർക്ക് ഫ്രം ഹോം തുടങ്ങിയവ ശീലമായ കോവിഡ് കാലത്തും അതിനുശേഷവുമാണ് ജോലിസമ്മർദം രൂക്ഷമായതെന്നും ശ്രീനാഥ് പറഞ്ഞു.
ഗൂഗ്ൾ ഫോം വഴിയാണ് ഇത്തരം നേർസാക്ഷ്യങ്ങൾ ശേഖരിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവയെല്ലാം ചേർത്ത് സമീപനരേഖയുണ്ടാക്കും. ദേശീയ മനുഷ്യാവകാശ കമീഷനിൽനിന്ന് ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ കമീഷനെയും കേന്ദ്ര ധന മന്ത്രാലയത്തിന്റെ ധനകാര്യ സേവന വിഭാഗത്തെയും എതിർകക്ഷികളാക്കി ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകും. സംഘടനാതലത്തിൽ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ശ്രീനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story