കിറ്റെക്സിൽ തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നുവെന്ന് റിപ്പോർട്ട്
text_fieldsകൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയിൽ അന്തർസംസ്ഥാന തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നുവെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്. 2021 ഡിസംബർ 25ന് രാത്രി കമ്പനിയിലുണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിച്ച് മനുഷ്യാവകാശ പ്രവർത്തകർ തയാറാക്കിയ റിപ്പോർട്ടിലാണ് തൊഴിലാളികളുടെ ദുരവസ്ഥ വിശദീകരിക്കുന്നത്.
റിപ്പോർട്ട് എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. തൊഴിലാളികളെ പുറംലോകവുമായി ബന്ധപ്പെടാനോ സ്വന്തം ഇഷ്ടപ്രകാരം പുറത്തുപോകാനോ അനുവദിക്കാതെ പൂട്ടിയിട്ട് അടിമകളെപ്പോലെയാണ് പണിയെടുപ്പിക്കുന്നത്. ഇത് നിയമവിരുദ്ധമായ ബന്ധിത തൊഴിലിന് (ബോണ്ടഡ് ലേബർ) സമാനമാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ഇവർക്ക് നിയമം അനുശാസിക്കുന്ന മിനിമം വേതനം ലഭിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. തൊഴിലാളികളെ സംബന്ധിക്കുന്ന ഒരു രേഖയും തൊഴിൽ വകുപ്പിന് നൽകിയിട്ടില്ല. വേജ് രജിസ്റ്റർ മുതലായ രേഖകളൊന്നും ലേബർ ഓഫിസിൽ കാണിച്ചിട്ടില്ല. ലേബർ ഓഫിസർമാർ ഇതുസംബന്ധിച്ച് അന്വേഷിച്ചിട്ടുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പനിയെപ്പറ്റി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് എറണാകുളം ജോയന്റ് റീജനൽ ലേബർ കമീഷണർ വസ്തുതാന്വേഷണ കമീഷനോട് പറഞ്ഞത്.
തൊഴിലാളികളെ പുറത്തുപോകാൻ അനുവദിക്കാതെ ഗേറ്റ്പൂട്ടി പാറാവ് നിർത്തി അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നത് അന്വേഷണസംഘം നേരിൽകണ്ടു. തൊഴിലാളികളെ സമ്മർദത്തിലാഴ്ത്തി വിശ്വസ്തവിധേയരാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായുണ്ടായ സംഭവങ്ങളാണ് ക്രിസ്മസ് രാത്രിയിലുണ്ടായതെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്. കമ്പനി മാനേജ്മെന്റും പൊലീസും തൊഴിൽ വകുപ്പും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.
വാർത്തസമ്മേളനത്തിൽ വസ്തുതാന്വേഷണ സംഘാംഗങ്ങളായ പി.യു.സി.എൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. ചന്ദ്രശേഖർ, ഓൾ ഇന്ത്യ ലോയേഴ്സ് കൗൺസിൽ ട്രഷറർ അഡ്വ. പി.കെ. ഇബ്രാഹിം, അഡ്വ. രാജഗോപാൽ വാകത്താനം, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം വൈസ് പ്രസിഡന്റ് സുജാഭാരതി, ഓൾ ഇന്ത്യ പ്രൊട്ടക്ഷൻ ഓഫ് സിവിൽ ലിബർട്ടീസ് എക്സിക്യൂട്ടിവ് മെംബർ അഡ്വ. മഞ്ജരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.