വർക്ക് അറേഞ്ച്മെന്റ് പാടില്ല; പക്ഷേ സ്വന്തം ഓഫിസിൽ ആകാം
text_fieldsകോഴിക്കോട്: വർക്ക് അറേഞ്ച്മെന്റ് റദ്ദാക്കണമെന്ന് ഉത്തരവ്. എന്നാൽ, സ്വന്തം ഓഫിസിൽ ഇത് ബാധകമല്ല. ഗതാഗത വകുപ്പ് ജീവനക്കാരുടെ വർക്കിങ് അറേഞ്ച്മെന്റുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമീഷണറാണ് നിർദേശം നൽകിയത്. എന്നാൽ, കമീഷണറുടെ ഓഫിസിൽ ഇപ്പോഴും ഈ രീതിക്ക് പൂർണ മാറ്റം വന്നിട്ടില്ല.
ചിറ്റൂരിൽ ജോലിചെയ്യേണ്ട ഉദ്യോഗസ്ഥനാണ് തിരുവനന്തപുരം ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫിസിൽ വർക്കിങ് അറേഞ്ച്മെന്റിൽ ജോലി ചെയ്യുന്നത്. ചിറ്റൂർ ജോ. ആർ.ടി.ഒ ഓഫിസിൽ തസ്തിക നികത്തിയിട്ടുമില്ല. ഈ ഉദ്യോഗസ്ഥനുപകരം പാലക്കാട്ടെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് ചിറ്റൂരിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. ആൾക്ഷാമം മൂലം ചിറ്റൂരിലെ ദൈനംദിന പ്രവർത്തനങ്ങൾ പോലും താളംതെറ്റുമ്പോഴാണ് ഈ ഉദ്യോഗസ്ഥൻ തിരുവനന്തപുരത്ത് ജോലിചെയ്യുന്നത്.
വർക്കിങ് അറേഞ്ച്മെന്റുകൾ അടിയന്തരമായി റദ്ദാക്കാൻ നവംബർ അഞ്ചിനാണ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ നാഗരാജു നിർദേശം നൽകിയത്.
അറേഞ്ച്മെന്റിൽ ജീവനക്കാർ മറ്റു ഓഫിസുകളിൽ ജോലി ചെയ്യുന്നത് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കെ, ഗതാഗത വകുപ്പിൽ വ്യാപകമായി വർക്കിങ് അറേഞ്ച്മെന്റുകൾ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദേശമെന്ന് കമീഷണറുടെ ഉത്തരവിൽ പറയുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.