ജോലി ചെയ്യുന്ന അമ്മമാരുടെ സ്ഥിതി അതികഠിനം –ഹൈകോടതി
text_fieldsകൊച്ചി: അമ്മയെന്ന നിലയിെല ഉത്തരവാദിത്തത്തിന് പുറമെ ജോലികൂടി ചെയ്യുന്ന സ്ത്രീകളുടെ സ്ഥിതി അതികഠിനമെന്ന് ഹൈകോടതി. തൊഴിലും കുടുംബ ഉത്തരവാദിത്തവും ഒന്നിച്ച് കൊണ്ടുപോകുന്നതിെൻറ ബുദ്ധിമുട്ട് സ്ത്രീകൾക്കുമാത്രമേ മനസ്സിലാകൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കൊല്ലം വനിത-ശിശു വികസന ഓഫിസിലെ കരാർ ജീവനക്കാരിയെ പ്രസവാവധി അനുവദിക്കാതെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയ ഉത്തരവിലാണ് ഈ നിരീക്ഷണം.
കൗൺസലറായി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന വന്ദന ശ്രീമേധയെ രണ്ടാഴ്ചക്കുള്ളിൽ തിരികെ നിയമിക്കാനും കോടതി നിർദേശിച്ചു. 2016 ഡിസംബർ മുതൽ ഹരജിക്കാരി ഈ ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുകയാണ്. ഒാരോ വർഷവും കരാർ പുതുക്കിനൽകി വരുന്നതിനിടെ ജനുവരി 17ന് കാലാവധി പൂർത്തിയായി. കഴിഞ്ഞ നവംബർ 28ന് കുഞ്ഞിന് ജന്മം നൽകിയ വന്ദനക്ക് കരാർ കാലാവധി തീരുന്നതിനാൽ ജനുവരി 17 വരെയെ പ്രസവാവധി ലഭിക്കുമായിരുന്നുള്ളൂ. ഇതിനിടെ കൗൺസലർ പോസ്റ്റിലേക്ക് വീണ്ടും ഹരജിക്കാരിയെ തെരഞ്ഞെടുത്തെങ്കിലും ജനുവരി 18ന് ജോലിക്ക് ഹാജരായി പ്രസവാവധിക്ക് അപേക്ഷിച്ചു.
മാർച്ച് 26വരെ പ്രസവാവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം. ജില്ല ശിശു സംരക്ഷണ ഓഫിസറുടെ ശിപാർശ പ്രകാരം അപേക്ഷ സംസ്ഥാന വനിത-ശിശു വികസന വകുപ്പ് ഡയറക്ടർക്ക് അയച്ചെങ്കിലും നിരസിച്ചു. ഇതിന് പിന്നാലെ അനധികൃതമായി ജോലിക്ക് ഹാജരായില്ലെന്ന് ആരോപിച്ച് ഹരജിക്കാരിയെ പിരിച്ചുവിടാനുള്ള നിർദേശവും നൽകി. ഹരജിക്കാരിയെ ഈ സാഹചര്യത്തിൽ ജോലിക്കെടുത്തതിന് ജില്ല ശിശുസംരക്ഷണ ഓഫിസർക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഡയറക്ടർ നൽകി. തുടർന്നാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്.
പ്രസവാവധി അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനും ഹരജിക്കാരിയെ സ്ഥിരപ്പെടുത്താനാവുമോ എന്ന കാര്യം പരിഗണിക്കാനും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.