ജോലിഭാരം, ആൾക്ഷാമം; പൊറുതിമുട്ടി ഗ്രാമപഞ്ചായത്ത് ജീവനക്കാർ
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെ കുറവും അമിത േജാലിഭാരവും കാരണം ഗ്രാമപഞ്ചായത്ത് ജീവനക്കാർ നട്ടംതിരിയുന്നു. ജോലിഭാരത്തിലുപരി അശാസ്ത്രീയതയാണ് പ്രതിസന്ധിയെന്നാണ് ആക്ഷേപം. പൊതുജനങ്ങൾക്ക് പഞ്ചായത്തുകളിൽനിന്ന് 20,000 ത്തോളം സേവനങ്ങളാണ് ലഭിക്കുന്നത്. മതിയായ ജീവനക്കാരില്ലാതെ തുടർച്ചയായി പഞ്ചായത്തുകളെ ഏൽപിക്കുന്ന ചുമതലകൾ ജീവനക്കാർക്കുമേൽ സമ്മർദം സൃഷ്ടിക്കുകയാണ്. പഞ്ചായത്തുകളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി 2012 ഫെബ്രുവരി 27 ന് റിപ്പോർട്ട് നൽകി. പ്രശ്നങ്ങൾ ആധികാരികമായി പറയാൻ കഴിയുന്ന പഞ്ചായത്ത് ഡയറക്ടറും സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫിസറുമാണ് കമ്മിറ്റി അംഗങ്ങൾ.
ജോലിഭാരം കുറക്കാൻ നിരവധി നിർദേശങ്ങൾ വെച്ചെങ്കിലും സമ്പൂർണമായി നടപ്പാക്കിയിട്ടില്ല. മികച്ച പ്രകടനത്തിനും ഒന്നാം സ്ഥാനത്തിനും വേണ്ടി കുറഞ്ഞ സമയത്ത് കുറഞ്ഞ ജീവനക്കാരെവെച്ച് കൂടുതൽ തൊഴിൽ ചെയ്യിക്കുകയാണ് മിക്ക പഞ്ചായത്തുകളും. മതിയായ ജീവനക്കാരില്ലാത്തത് കാരണം പലയിടത്തും ക്ലർക്കിന് സീനിയർ ക്ലർക്കിെൻറ ചുമതല നിർവഹിക്കേണ്ടിവരുന്നു. രാഷ്ട്രീയ, പൊതുജന, വകുപ്പുതല സമ്മർദങ്ങൾ ഇതിന് പുറമെയാണ്. കാസർകോട് ജില്ലയിൽ മാസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് ജീവനക്കാരി ആത്മഹത്യ ചെയ്തത് ഉദാഹരണമായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് കണക്കുകൾ ഗൂഗിൾ ഫോമുകളിൽ അപ്ലോഡ് ചെയ്യേണ്ട ചുമതല പഞ്ചായത്ത് ജീവനക്കാർക്കാണ്. കോവിഡ് മരണം, ക്വാറൻറീൻ ലംഘനം, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ, വാക്സിനേഷൻ എന്നിവയുടെ കണക്കുകൾ സമർപ്പിക്കലും തദ്ദേശസ്ഥാപനങ്ങളിലാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരവും ഭൂരിപക്ഷം സ്ഥലത്തും ജീവനക്കാർ തന്നെയാണ് നടത്തുന്നത്. ജനകീയാസൂത്രണത്തിെൻറ 25ാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കിയ പദ്ധതികളുടെ കണക്കെടുപ്പിെൻറ ചുമതലയും തദ്ദേശവകുപ്പ് ഉദ്യോഗസ്ഥരുടെതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.