ജോലിഭാരത്തിന് പരിഹാരം; സബ് എൻജിനീയർമാർക്ക് ഇനി സോളാർ മീറ്റർ റീഡിങ്ങില്ല
text_fieldsപാലക്കാട്: സോളാർ കണക്ഷനുകളിലെ മീറ്റർ റീഡിങ്ങിൽനിന്ന് കെ.എസ്.ഇ.ബി സബ് എൻജിനീയർമാരെ ഒഴിവാക്കി ഉത്തരവ്. ജോലിഭാരമേറെയുള്ള സബ് എൻജിനീയർമാർക്ക് ഓരോ മാസത്തിലെയും ആദ്യ ആഴ്ചകളിൽ സോളാർ കണക്ഷൻ, വ്യവസായിക കണക്ഷൻ എന്നിവയുടെ മീറ്റർ റീഡിങ്ങിലുണ്ടാകുന്ന ഉത്തരവാദിത്തം സെക്ഷൻ ഓഫിസുകളിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഇതുസംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. സോളാർ കണക്ഷനുകളിലെ മീറ്റർ റീഡിങ് ചുമതല ഇനി മുതൽ മീറ്റർ റീഡർമാർക്കായിരിക്കും. വ്യവസായിക കണക്ഷനുകളിലെ റീഡിങ് സബ് എൻജിനീയർമാർ തുടരും.
20 കിലോവാട്ട് ലോഡിൽ താഴെയുള്ള സോളാർ വൈദ്യുതി ഉൽപാദകരുടെയും 10 കിലോവാട്ടിൽ താഴെയുള്ള ഗാർഹികേതര -വ്യവസായികേതര സോളാർ ഉൽപാദകരുടെയും മീറ്റർ റീഡിങ്ങിൽനിന്നാണ് സബ് എൻജിനീയർമാരെ ഒഴിവാക്കിയത്. 10 കിലോവാട്ടിൽ താഴെയുള്ള കേന്ദ്രീകൃത ബിൽ സംവിധാനമുള്ള സർക്കാർ ഓഫിസുകളിലെ മീറ്റർ റീഡിങ്ങും ഇനി മീറ്റർ റീഡർമാരുടെ ചുമതലയിലാകും.
പുതിയ കണക്ഷൻ നൽകൽ, താരിഫ് മാറ്റം, ലോഡ് മാറ്റം, മീറ്റർ മാറ്റിവെക്കൽ, ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ ജോലികൾക്കടക്കം മേൽനോട്ടം നടത്തേണ്ട സബ് എൻജിനീയർമാരായിരുന്നു എല്ലാ മാസവും ആദ്യ ആഴ്ച മീറ്റർ റീഡിങ് എടുത്തിരുന്നത്. ഇതിനാൽ, സെക്ഷൻ ഓഫിസുകളിലെ സേവനങ്ങൾ തടസ്സപ്പെടുകയും പരാതിക്കിടവരുകയും ചെയ്തിരുന്നു. അടുത്തകാലത്ത് സോളാർ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമാണ് സംസ്ഥാനത്തുണ്ടായത്.
സോളാർ മീറ്റർ റീഡിങ് രണ്ട് മാസത്തിലൊരിക്കലാക്കണമെന്ന നിർദേശം ചർച്ചചെയ്യാൻ റീസ് (റിന്യൂവൽ എനർജി) ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ റെഗുലേറ്ററി കമീഷൻ അനുമതിയോടെ ചട്ടഭേദഗതിക്കുള്ള സാധ്യത പരിശോധിക്കാനും ആവശ്യപ്പെട്ടു.
മീറ്റർ റീഡർമാർക്ക് എതിർപ്പ്
സെക്ഷൻ പരിധിയിൽ ചിതറിക്കിടക്കുന്ന സോളാർ മീറ്റർ റീഡിങ് എടുക്കുകയെന്നത് മീറ്റർ റീഡർമാർക്ക് ദുരിതമാകുമെന്ന് ആശങ്ക. നിലവിൽ 150ഓളം മീറ്റർ റീഡിങ് ഒരു മീറ്റർ റീഡർ ഒരു ദിവസമെടുക്കണം. ഒരു മീറ്റർ റീഡിങ്ങിന് ഏഴ് രൂപയിൽ താഴെയാണ് നിരക്ക്.
പ്രതിമാസ സോളാർ റീഡിങ് എടുക്കാൻ കൂടിയ നിരക്ക് നിശ്ചയിക്കണമെന്നാണ് റീഡർമാരുടെ ആവശ്യം. സോളാർ റീഡിങ്ങുകൾ ഉൾക്കൊള്ളിക്കണമെങ്കിൽ ദ്വൈമാസ റീഡിങ്ങാക്കേണ്ടിവരും. സോളാർ നെറ്റ് മീറ്ററിങ് റെഗുലേഷനനുസരിച്ച് അത്തരത്തിൽ മാറ്റാൻ തടസ്സങ്ങളുണ്ടെന്ന് വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.