സർവകലാശാലകളിൽ ഊരാളുങ്കലിന് നൽകിയത് 116 കോടിയുടെ പ്രവൃത്തികൾ
text_fieldsതിരുവനന്തപുരം: കണ്ണൂർ, കാലിക്കറ്റ്, എം.ജി, മലയാളം, സാങ്കേതിക സർവകലാശാലകളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകിയത് 116 കോടി രൂപയുടെ പ്രവൃത്തികൾ. ഇതിൽ ഡിജിറ്റൈസേഷൻ, ബയോമെട്രിക് സംവിധാനങ്ങൾ എന്നിവയുടെ ജോലികൾ നൽകിയത് ടെൻഡർ ക്ഷണിക്കാതെ. നിയമസഭയിൽ ടി.വി. ഇബ്രാഹിമിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി ആർ. ബിന്ദു വ്യക്തമാക്കിയതാണ് ഇക്കാര്യം. കേന്ദ്ര, സംസ്ഥാന സർക്കാറുകളും യു.ജി.സിയും അനുവദിക്കുന്ന ഗ്രാന്റ്ാണ് സർവകലാശാലകൾ നിർമാണ പ്രവർത്തനങ്ങൾക്കായി ചെലവിടുന്നത്. കണ്ണൂർ സർവകലാശാല 42 കോടിയുടെയും കാലിക്കറ്റ് 30 കോടിയുടെയും എം.ജി ഒന്നരക്കോടിയുടെയും മലയാളം സർവകലാശാല ഒരു കോടിയുടെയും സാങ്കേതിക സർവകലാശാല 42 കോടിയുടെയും കരാറാണ് ഊരാളുങ്കലിന് നൽകിയത്. എന്നാൽ കേരള സർവകലാശാല ടെൻഡർ ക്ഷണിച്ച് വിവിധ കരാറുകാർക്കാണ് നിർമാണ ജോലികൾ ഏൽപിച്ചത്. ഊരാളുങ്കലിന് കരാർ നൽകിയിട്ടുമില്ല.
എല്ലാ സർവകലാശാലകളിലും ഉയർന്ന ശമ്പളം പറ്റുന്ന എക്സിക്യൂട്ടിവ് എൻജിനീയർമാരും മറ്റ് ഉദ്യേഗസ്ഥരുമുള്ള എൻജിനീയറിങ് വിഭാഗം പ്രവർത്തിക്കുമ്പോഴാണ് വിശദപദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കലുൾപ്പെടെ പുറംകരാർ നൽകുന്നത്. കെട്ടിടനിർമാണവും മാർക്ക് ടാബുലേഷൻ ഷീറ്റുകളുടെ ഡിജിറ്റൈസേഷനും ഊരാളുങ്കൽ സൊസൈറ്റിക്കാണ് നൽകിയത്.
എം.ജിയിൽ ബയോമെട്രിക് പഞ്ചിങ് മെഷീൻ നവീകരിക്കാനുള്ള ജോലിക്കും ഡിജിറ്റൈസേഷൻ ജോലികൾക്കും കെൽട്രോൺ, സി-ഡിറ്റ് തുടങ്ങിയ അംഗീകൃത പാനലിലെ സർക്കാർ സ്ഥാപനങ്ങൾ ടെൻഡർ നൽകിയെങ്കിലും പിന്നീട് പിൻമാറിയത് സമ്മർദങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് ആരോപണം. സർക്കാർ ഉത്തരവ് പ്രകാരം കരാർ തുകയുടെ പരമാവധി 20 ശതമാനം മാത്രമേ അഡ്വാൻസ് നൽകാൻ പാടുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ച് ഊരാളുങ്കലിന് കണ്ണൂർ സർവകലാശാല 50 ശതമാനം അഡ്വാൻസ് നൽകിയത് ചട്ടവിരുദ്ധമാണെന്ന് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. സർവകലാശാലകളിലെ മരാമത്ത്-ഡിജിറ്റൈസേഷൻ ജോലികൾ ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡർ ഒഴിവാക്കി നൽകുന്നതിലൂടെ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നതും, സർവകലാശാല ഫണ്ട് ക്രമവിരുദ്ധമായി ചെലവിടുന്നതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും സംസ്ഥാന വിജിലൻസ് ഡയറക്ടർക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.