നിഹാലിെൻറ ചോരക്ക് വേണ്ടി ആരും പറന്നെത്തും
text_fieldsതൃശൂർ: ഗുരുവായൂർ പഞ്ചാരമുക്കിലെ നിഹാൽ എന്ന 24കാരെൻറ ചോരക്ക് വേണ്ടി ആവശ്യക്കാർ വിമാനത്തിൽ വരെ പാഞ്ഞെത്തും. അത്രക്ക് വിലപ്പെട്ടതാണ് ബോംബെ നെഗറ്റിവ് എന്ന ഈ രക്തം. ബോംബെയിൽ കൂടുതലായി കാണുന്ന ഈ രക്തഗ്രൂപ് ഇന്ത്യയിലെ ജനസംഖ്യയുടെ 0.01 ശതമാനം പേരില്‍ മാത്രമാണുള്ളത്. ഇതില്‍തന്നെ 10 ശതമാനം പേര്‍ക്ക് മാത്രമേ ബോംബെ നെഗറ്റീവ് ഗ്രൂപ് ഉള്ളൂവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രക്തഗ്രൂപ്പിെൻറ രാസഘടനയിൽ എച്ച് എന്ന ആൻറിബോഡി ഇല്ലാത്ത അപൂർവ ഗ്രൂപ്പാണിത്. 10 ലക്ഷത്തിൽ ഒരാളിലേ ഈ ഗ്രൂപ്പുണ്ടാകൂ.
അക്കിക്കാവ് റോയൽ എൻജിനീയറിങ് കോളജിലെ ബി.ടെക് മെക്കാനിക്കൽ പഠന ശേഷം പൊതുമേഖല ബാങ്കിൽ കരാർ ജീവനക്കാരനാണ് ഗുരുവായൂര്‍ പഞ്ചാരമുക്ക് മേച്ചേരി വീട്ടില്‍ അബ്ദുൽ കരീമിെൻറയും ഷൗക്കത്തിെൻറയും മകനായ നിഹാല്‍. പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് പഠിച്ചിരുന്ന വെന്മേനാട് സ്കൂളിൽ ഐ.എം.എ നടത്തിയ രക്തക്യാമ്പിൽ വെച്ചാണ് അപൂർവ ഗ്രൂപ്പാണെന്ന് തിരിച്ചറിഞ്ഞത്. എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ച് വയസ്സായ കുട്ടിക്ക് വേണ്ടി ശ്വാസകോശ ശസ്ത്രക്രിയക്കായിരുന്നു ആദ്യ രക്തദാനം. പിന്നീട് തിരുവനന്തപുരത്തെ 95 വയസ്സുള്ള ഡോക്ടർക്ക് വേണ്ടിയായിരുന്നു ‘രക്തദാന’ യാത്ര. ശസ്ത്രക്രിയയുടെ ഒരാഴ്ച മുമ്പാണ് അദ്ദേഹം തനിക്ക് ബോംബെ നെഗറ്റിവ് ബ്ലഡാണെന്ന് അറിഞ്ഞത്. അദ്ദേഹത്തിന് രക്തം നൽകിയെങ്കിലും ഡയാലിസിസിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചു.
ഒരു രാത്രിയാണ് അത്യാവശ്യമായി ചെന്നൈയിലെത്താനാകുമോയെന്ന് തൃശൂരിലെ രക്തദാതാക്കളുടെ സംഘടനയായ ബ്ലഡ് ഡോണേഴ്സ് കേരളയില്‍ (ബി.ഡി.കെ.) നിന്ന് വിളിയെത്തിയത്. തമിഴ്നാട് സ്വദേശി ശിവജ്ഞാനത്തിന് േപ്ലറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതായിരുന്നു കാരണം. വിമാനടിക്കറ്റ് ഏർപ്പെടുത്തിയിരുന്നു. കൂട്ടുകാരനുമൊത്ത് രാത്രി തന്നെ പുറപ്പെട്ടു. രക്തം നൽകിയ ‘ചേട്ടന്’ രോഗം ഭേദമായെന്ന് പിന്നീടറിഞ്ഞു. മറ്റൊന്ന് കോഴിക്കോട്ടുള്ള ഒരാൾക്ക് വേണ്ടിയായിരുന്നു. രാത്രി വന്ന ഫോൺവിളിയുടെ അടിസ്ഥാനത്തിൽ പിറ്റേന്ന് പുലർച്ച പുറപ്പെട്ട് രക്തം നൽകി മടങ്ങി. അഞ്ച് പേർക്കാണ് രക്തം നൽകിയത്. ഏത് രാത്രിയിലും ഫോൺ വരാം; രക്തം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.