ലോക പുസ്തക ദിനം: പുസ്തകത്താളുകളിൽ കൂടുകൂട്ടി ഒന്നാം ക്ലാസുകാരൻ ഹരിഗോവിന്ദൻ
text_fieldsവടുതല(ആലപ്പുഴ):പുസ്തക താളുകളിലെ അക്ഷരങ്ങൾക്ക് മീതെ കൊച്ചു സന്തോഷവും സങ്കടവുമെല്ലാം കോർത്തിണക്കി ഒന്നാം ക്ലാസുകാരൻ.പാണാവള്ളഎൻ.എസ്.എസ് എൽ.പി.എസിലെ ഒന്നാം ക്ലാസ് വിദ്യാർഥി ഹരിഗോവിന്ദനാണ് കളിയും ചിരിയുമായി നടക്കേണ്ട പ്രായത്തിൽ രാവും പകലും പുസ്തകങ്ങളെ സ്നേഹിച്ച് കൂടെ കൂട്ടിയിരിക്കുന്നത്.പുസ്തക ശേഖരണം കാണാൻ വീട്ടിൽ വന്ന അധ്യാപകരെ ചെറിയ വായിലെ വലിയ വർത്തമാനമാണ് സ്വീകരിച്ചത്.വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും അത്കൊണ്ട് വായിച്ചു വളരുന്നതല്ലെ ടീച്ചറെ നല്ലത് എന്നായിരുന്നു അവെൻറ ചോദ്യം.
വായനയെക്കുറിച്ച് ഒരു ഒന്നാം ക്ലാസുകാരൻ ഇതിൽപ്പരം എന്തു പറയാൻ.ലൈബ്രറി മാതൃകയിൽ വീട്ടിൽ ഒരുക്കിയിരിക്കുന്ന പുസ്തക ശേഖരങ്ങൾ ആരെയും ആകർഷിക്കുന്നു.പുസ്തക ശേഖരണവും പുസ്തക വായനയുമാണ് ഹരിഗോവിന്ദിെൻറ ഹോബി. ഹരിയെ വ്യത്യസ്തമാക്കുന്നത് വെറും വായനമാത്രമല്ല,വായിച്ച പുസ്തകത്തിലെ ഏത് ഭാഗത്തെ കുറച്ചും എപ്പോൾ ചോദിച്ചാലും ഉടനടി ഉത്തരം ലഭിക്കും.
മുന്നൂറിൽ പരം പുസ്തകങ്ങളുടെ ശേഖരം ലൈബ്രറി മാതൃകയിൽ ഒരുക്കിയിരിക്കുകയാണ് ഹരി.അവധിക്കാലം അടിച്ചുപൊളിച്ച് കളയാതെ പുതിയ പുസ്തകങ്ങൾ തേടിയുള്ള യാത്രയിലാണ്.ദിവസം ഓരോ പുതിയ പുസ്തകങ്ങൾ കണ്ടെത്തി വായിക്കുകയും ശേഖരിക്കുകയും ചെയ്യും.ബാലസാഹിത്യങ്ങൾ, ഐതിഹ്യമാല, നാടോടി കഥകൾ, ബീർബൽ കഥകൾ,മറ്റു സാഹിത്യങ്ങൾ തുടങ്ങിയ ഇനങ്ങളിലാണ് പുസ്തകശേഖരമുള്ളത്.വിലനൽകി വാങ്ങിയതും സമ്മാനം ലഭിച്ചതുമാണ് എല്ലാ പുസ്തകങ്ങൾ.
ഹരിയുടെ വായനാ സ്നേഹം യു.കെ.ജി കാലം മുതലാണ് ആരംഭിച്ചത്.മുത്തശ്ഛൻ രവീന്ദ്രകൈമൾ വായനയെക്കുറിച്ചു പറഞ്ഞു നൽകിയ കാര്യങ്ങളും പുസ്തകങ്ങളിൽ കേട്ടുവളർന്ന കഥകളുമൊക്കെയാണ് പ്രചോദനമായത്.പുതിയ പുസ്തകങ്ങളെക്കുറിച്ച് പത്രത്തിൽ ഉൾപ്പെടെ വരുന്ന പരസ്യം കാണുമ്പോൾ അത് അന്വേഷിച്ചു വാങ്ങാനും തുടങ്ങി. പുസ്തകമേളകളിൽ പതിവ് സന്ദർശകനായുംമാറി.ചെറിയ വീട്ടിൽ ചെറിയ അലമാരയിൽ അടുക്കും ചിട്ടയോടുമാണ് ഹരി പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ളവർക്കു മാത്രം വായിക്കാൻ നൽകും.പുസ്തകങ്ങളുടെ ഇന വിവര രജിസ്റ്ററുമുണ്ട്. സിപ്പി പള്ളിപ്പുറമാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാകാരൻ. അദ്ദേഹത്തിന്റെ കശുമാങ്ങയും കുഞ്ഞുമാലാഖയുമാണ് ഏറെ ഇഷ്ടപ്പെട്ട പുസ്തകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.