ഇന്ന് ലോക ഭിന്നശേഷി ദിനം: കൈയില്ലെങ്കിലും ഡ്രൈവിങ് ലൈസൻസ്; ജിലുവിന് സ്വപ്നയാത്ര
text_fieldsപാലക്കാട്: പരിമിതികളിൽ നിരാശയാവാതെ ജിലു മാരിയറ്റ് തോമസ് ചരിത്രം സൃഷ്ടിക്കുകയാണ്. ഇരു കൈകളുമില്ലെങ്കിലും തന്റെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിക്കാൻ അവൾക്കാകും. ഇരുകൈകളുമില്ലാതെ വാഹനമോടിക്കുന്നതിന് ഏഷ്യയില്‍ ആദ്യമായി ലൈസന്‍സ് സ്വന്തമാക്കുന്ന വ്യക്തിയെന്ന നേട്ടമാണ് ജിലുമോള്‍ സ്വന്തമാക്കിയത്. നവകേരള സദസ്സിന്റെ ഭാഗമായി ജിലുമോൾക്ക് ഭിന്നശേഷിദിന പാരിതോഷികമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫോർവീലർ ഡ്രൈവിങ് ലൈസൻസ് കൈമാറി. തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് വീട്ടിൽ തോമസ് വർക്കിയുടെയും അന്നകുട്ടിയുടെയും രണ്ടാമത്തെ മകളായ ജിലുമോൾക്ക് ജനിച്ചപ്പോൾതന്നെ കൈകളില്ലായിരുന്നു. അവളുടെ നാലാമത്തെ വയസ്സിൽത്തന്നെ അമ്മ അർബുദം ബാധിച്ച് മരിച്ചു. ശേഷം ചങ്ങനാശ്ശേരിക്കടുത്തുള്ള ചെത്തിപ്പുഴ മേഴ്സി നഴ്സിങ് ഹോമിലാണ് വളർന്നത്. ഇപ്പോൾ എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലിചെയ്തുവരുകയാണ്.
പ്രത്യേക മൊബൈല്‍ ആപ്പിന്റെയും കാറില്‍ ഘടിപ്പിച്ച ഇലക്ട്രോണിക് ഉപകരണത്തിന്റെയും സഹായത്തോടെയാണ് ജിലു വാഹനമോടിക്കുന്നത്. ഡ്രൈവിങ്ങിനിടെ ഇൻഡിക്കേറ്റര്‍, വൈപ്പര്‍, ഡോറുകളുടെ ഗ്ലാസുകള്‍ എന്നിവയെല്ലാം പ്രവർത്തിപ്പിക്കുന്നത് ശബ്ദനിര്‍ദേശങ്ങള്‍ വഴിയാണ്. ജിലുമോളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇവ നിയന്ത്രിക്കാനാവും. പാലക്കാട്ടുനിന്നുള്ള വി. ഇന്നവേഷന്‍ ഓട്ടോമോട്ടിവ് സ്റ്റാർട്ടപ്പാണ് വാഹനം നിയന്ത്രിക്കുന്ന വോയ്സ് കമാൻഡ് ആപ് വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഈ നേട്ടം കൈവരിക്കാനായത്. സംസ്ഥാന ഭിന്നശേഷി കമീഷന്റെ ഇടപെടലില്‍ എറണാകുളം ആര്.ടി.ഒയാണ് ലൈസന്‍സ് അനുവദിച്ചത്. നേരത്തേ വായകൊണ്ട് ബ്രഷ് കടിച്ചുപിടിച്ച് അതിമനോഹര ചിത്രങ്ങൾ വരച്ച് ജിലുമോൾ ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.