ഭിന്നശേഷി സൗഹൃദമല്ല, നമ്മുടെ വിദ്യാലയങ്ങൾ
text_fieldsവെള്ളമുണ്ട: ഇന്ന് ഡിസംബർ മൂന്ന്. ലോക ഭിന്നശേഷി ദിനം. നമ്മുടെ വിദ്യാലയങ്ങൾ ഹൈടെക്കായിട്ടും അവിടെയുള്ള ക്ലാസ് മുറികളും ശുചിമുറികളും ഇനിയും ഭിന്നശേഷി സൗഹൃദമായിട്ടില്ല. പൊതുവിദ്യാലയങ്ങളിൽനിന്ന് ഭിന്നശേഷി വിദ്യാർഥികൾ അകലുന്ന അവസ്ഥയാണ്. ഭിന്നശേഷി വിദ്യാർഥികൾക്ക് ക്ലാസ് മുറികളിൽ കയറുന്നതിനായി ചെരിഞ്ഞ നടപ്പാതകളൊരുക്കിയ വിദ്യാലയങ്ങൾപോലും ഇവരുടെ പ്രാഥമിക കൃത്യത്തിനുള്ള ശുചിമുറി സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല എന്നതാണ് യാഥാർഥ്യം. വയനാട് ജില്ലയിൽ വിരലിലെണ്ണാവുന്ന വിദ്യാലയങ്ങളിൽ മാത്രമാണ് പേരിനെങ്കിലും ഭിന്നശേഷി ശുചിമുറികളും ടോയ് ലെറ്റുകളുമുള്ളത്. എന്നാൽ, ബഹുഭൂരിപക്ഷം വിദ്യാലയങ്ങളിലും പൊതുശുചിമുറികളും ടോയ് ലെറ്റുമാണ് ഇപ്പോഴുമുള്ളത്.
ഉയരം കുറഞ്ഞ യൂറോപ്യൻ ക്ലോസറ്റ് വേണം
സ്കൂളുകളിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് നടന്നുപോകാൻ പാകത്തിലുള്ള വഴിയും അവർക്ക് പ്രയാസമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള താഴ്ന്ന യൂറോപ്യൻ ക്ലോസറ്റുള്ള ശുചിമുറിയും ഉണ്ടായിരിക്കണമെന്നാണ് നിയമം. ഈ ശുചിമുറികൾ തിരിച്ചറിയും വിധം നെയിം ബോർഡും സ്ഥാപിക്കണം. എന്നാൽ, ഭിന്നശേഷി സൗഹൃദം എന്നുപറയുന്നതല്ലാതെ ചട്ടങ്ങൾ പാലിക്കുന്നില്ല. സ്കൂളുകൾ ഇത്തരം വിദ്യാർഥികളെ പരിഗണിക്കുക കൂടി ചെയ്യുന്നില്ല. ഭിന്നശേഷി സൗഹൃദ ശുചിമുറി ഇല്ലാത്ത കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകരുതെന്നും ചട്ടം പറയുന്നുണ്ട്.
പുതിയ സ്കൂൾ കെട്ടിടങ്ങളിലും സൗകര്യങ്ങളില്ല
ജില്ലയിലെ പല വിദ്യാലയങ്ങളിലും പുതുതായി നിർമിച്ച കെട്ടിടങ്ങളിൽപോലും ഭിന്നശേഷി സൗഹൃദ ശുചിമുറികൾ ഇല്ലെന്ന് അധ്യാപകരും വിദ്യാർഥികളും പറയുന്നു. ത്രിതല പഞ്ചായത്തധികൃതരാണ് കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നത്. എന്നാൽ, പലപ്പോഴും ചട്ടങ്ങൾ പാലിക്കാതെയാണ് ഫിറ്റ്നസും കെട്ടിട പെർമിറ്റും നൽകുന്നത്.
ഇത് ഭിന്നശേഷി വിദ്യാർഥികളോട് ചെയ്യുന്ന നീതികേടാണ്. എന്നാൽ പരാതികളില്ല എന്ന ന്യായം പറയുകയാണ് അധികൃതർ. പൊതുവിദ്യാലയങ്ങളിൽ പഠനത്തിനെത്തുന്ന ഇത്തരം വിദ്യാർഥികൾ പ്രാഥമിക സൗകര്യമില്ലാത്തതിനാൽ പഠനം നിർത്തുകയോ ബഡ്സ് സ്കൂളുകളിലേക്ക് മാറുകയോ ആണ് പതിവ്. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഭിന്നശേഷി വിദ്യാർഥികൾ നിരവധിയുണ്ടെങ്കിലും പൊതുവിദ്യാലയങ്ങളിൽ ഇവരെ കാണാത്തതിനു പിറകിൽ ഇത്തരം അസൗകര്യങ്ങളും കാരണമാണ്.
മറ്റ് വിദ്യാർഥികൾക്ക് അവബോധം നൽകുന്നില്ല
ഭിന്നശേഷി വിദ്യാർഥികളെ ഉൾക്കൊള്ളാനുള്ള അവബോധം മറ്റ് വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ നൽകുന്നില്ലെന്നും പരാതിയുണ്ട്. പൊതുമത്സരങ്ങളിലടക്കം ഇത്തരം വിദ്യാർഥികൾക്കൊപ്പം നിൽക്കാൻ മറ്റു കുട്ടികൾ തയാറാവാത്ത അനുഭവവും ജില്ലയിലുണ്ട്. ‘ഭിന്നശേഷിക്കാരുടെയും പൊതുവിദ്യാർഥികളുടെയും കൂടിച്ചേരൽ’ എന്ന നിലയിൽ സമഗ്ര ശിക്ഷകേരളയും (എസ്.എസ്.കെ) ബി.ആർ.സിയും ഇൻക്ലൂസിവ് സ്പോർട്സ് നടത്തിയിരുന്നു.
സംസ്ഥാന തല മത്സത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷി വിദ്യാർഥികളെ സഹായിക്കാനായി പൊതുവിദ്യാർഥികളെ വേണം എന്നറിയിച്ച് ജില്ലയിലെ വിദ്യാലയങ്ങളിലേക്ക് അറിയിപ്പ് അയച്ചിരുന്നു. എന്നാൽ, ബത്തേരിയിൽനിന്നും കണിയാരത്തുനിന്നും ഒരോ വിദ്യാർഥികൾ മാത്രമാണ് എത്തിയത്. മാനന്തവാടി സ്കൂളിൽനിന്ന് 19 വിദ്യാർഥികളെ കൊണ്ടുപോയാണ് മത്സരിപ്പിച്ചത്. മറ്റു വിദ്യാർഥികളുടെ മനോഭാവം മാറ്റുന്നതിനുള്ള ഇടപെടൽ കൂടി അധ്യാപകർ നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.