വനം ചുരുങ്ങുന്നു; അശാന്തമായി വനജീവിതം
text_fieldsതൃശൂർ: വനസംരക്ഷണത്തിനായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും വനം വർഷന്തോറും ചുരുങ്ങുന്നു. അതേസമയം, വന്യജീവികളുടെ എണ്ണം വർധിക്കുകയാണ്. ഇവയെ ഉൾക്കൊള്ളാനുള്ള ആവാസവ്യവസ്ഥ ചുരുങ്ങുന്നതോടെ വനവും മലയോര മേഖലകളും അശാന്തമാവുകയാണ്.
2005 മുതലുള്ള കണക്കനുസരിച്ച് വനമേഖലയിലുണ്ടായ കുറവ് 4265 ചതുരശ്ര കി.മീറ്ററാണ്. 2005ൽ കേരളത്തിലെ വനമേഖല 15,574 ചതുരശ്ര കി.മീറ്ററായിരുന്നു. റിസർവ് വനം ഉൾപ്പെടെ ഇപ്പോഴുള്ള വനമേഖലയുടെ വിസ്തൃതി 11,309.4754 ചതുരശ്ര കി.മീറ്ററാണ്. കാട്ടുതീ തടയാൻ കോടികൾ ചെലവഴിക്കുമ്പോൾ കത്തിനശിക്കുന്ന വനത്തിെൻറ അളവിലും കുറവില്ല. ഈ വർഷം കത്തിനശിച്ചത് 2013.41 ഹെക്ടർ വനമാണ്. വനം ചുരുങ്ങുകയും മനുഷ്യെൻറ അവിഹിത ഇടപെടലുകൾ വഴി കാട്ടുതീ വ്യാപകമാവുകയും ചെയ്യുന്നതിെൻറ ദുരന്തഫലങ്ങൾ പ്രകടമാണ്.
വരൾച്ചയുടെ തോത് പണ്ടത്തേക്കാൾ കാടിനെ ബാധിച്ചതോടെ വന്യജീവികൾ നാട്ടിലേക്കിറങ്ങുന്നു. വനാതിർത്തികൾ കടന്ന് വന്യജീവികൾ ഇറങ്ങുന്നതിനെ പ്രതിരോധിക്കാൻ 25 കോടിയുടെ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. 220.5 കിലോമീറ്ററിൽ സൗരോർജ വേലി സ്ഥാപിക്കുകയാണ് ഇതിൽ പ്രധാനപ്പെട്ടത്. എന്നിട്ടും ഈ പ്രദേശങ്ങളിൽനിന്നുള്ള പരാതികൾക്ക് കുറവില്ല. വയനാട്, നിലമ്പൂർ, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതൽ വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. കാട്ടാനകളിൽനിന്നാണ് ഏറ്റവും കൂടതൽ വെല്ലുവിളി നേരിടുന്നത്. കാട്ടുപന്നി, മാൻ, കുരുങ്ങ്, കടുവ എന്നിവിടങ്ങളിൽനിന്നുള്ള പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സാമൂഹിക വനവത്കരണത്തിനും സർക്കാർ കോടികൾ ചെലവിടുന്നുണ്ട്. എന്നാൽ, ഇതിെൻറ ഫലം എത്രത്തോളം ലഭ്യമാകുന്നുവെന്നതിന് വ്യക്തമായ കണക്കില്ല. വർഷന്തോറും ലക്ഷക്കണക്കിന് തൈകളാണ് ഓരോ ജില്ലകളിലും നടുന്നത്. തിരുവനന്തപുരത്ത് ഏഴ് ലക്ഷത്തിലേറെയും തൃശൂരിൽ ആറ് ലക്ഷത്തിലേറെ തൈകളും 2012ൽ നട്ടുവെന്ന് കണക്കുണ്ട്.
ഇതുകൂടാതെ വഴിയോരത്ത് നട്ടവ രണ്ട് ലക്ഷത്തിലേറെ വരും. ഇവ സംരക്ഷിക്കാൻ ട്രീ ഗാർഡുകളെ ഏർപ്പാടാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിൽ എത്രയെണ്ണം ഇപ്പോഴുണ്ടെന്ന് വ്യക്തമല്ല. വനദിനത്തിലും പരിസ്ഥിതി ദിനത്തിലും തൈകൾ നട്ടുകൊണ്ടേയിരിക്കുന്നു. വനവിസ്തൃതിയിൽ കാര്യമായ കുറവില്ലെന്ന് വാദിക്കുമ്പോഴും വനാവരണമേഖലകളും(ഫോറസ്റ്റ് കവർ) കുറയുകയാണ് . ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ഇത് അടിവരയിടുന്നുണ്ട്. 2011ൽ 24 ചതുരശ്ര കി.മീറ്ററാണ് വനാവരണത്തിൽ കുറവുവന്നത്. കാലാവസ്ഥ വ്യതിയാനവും അമിത വനനശീകരണവും കാട്ടുതീയും മൂലം വനത്തിലുണ്ടാകുന്ന മാറ്റങ്ങൾ അപകടകരമായ നിലയിലേക്കാണ് വിരൽചൂണ്ടുന്നത്.
വനം ചുരുങ്ങുന്നു; വന്യജീവികൾ വർധിക്കുന്നു
വന്യജീവികളുടെ കണക്കെടുപ്പ് പ്രകാരം മുൻവർഷങ്ങളെ അപേക്ഷിച്ച് ഇവയുടെ എണ്ണം വർധിച്ചതായി വനംവകുപ്പിെൻറ കണക്കിൽ വ്യക്തമാകുന്നു. ഒടുവിൽ നടത്തിയ കണക്കെടുപ്പ് പ്രകാരം കേരളത്തിൽ 6,177 കാട്ടാനകളും 48,034 കാട്ടുപന്നികളും 136 കടുവകളും 43,000 മാനുകളും 50,000 കുരുങ്ങുകളും ഉണ്ട്. വനാതിർത്തിയിൽ വന്യമൃഗങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള വിളകളുടെ കൃഷിയും ഇവ നാട്ടിലേക്കിറങ്ങുന്നതിന് കാരണമാകുന്നുണ്ട്.
കാട്ടുതീ കാടാകെ മാറ്റും
കാട്ടുതീ വനത്തിലുണ്ടാക്കുന്ന പ്രത്യാഘാതം ചില്ലറയല്ല. കാട്ടുതീ ബാധിക്കുന്ന പ്രദേശത്തെ ജൈവവൈവിധ്യം അപ്പാടെ ശോഷിച്ചുപോകുന്നതായി വിവിധ ഏജൻസികൾ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു. മണ്ണിെൻറ ഘടനയിൽ വ്യാപകമായ മാറ്റമുണ്ടാകുന്നതോടെ ഇവിടത്തെ ജീവജാലങ്ങളെ ഉൾപ്പെടെ ബാധിക്കും. മണ്ണിെൻറ ജലസംഭരണശേഷി നഷ്ടപ്പെടുന്നതാണ് മറ്റൊരു ദുരന്തം. ഇത് ഉരഗങ്ങളെ മുതൽ വലിയ ജീവികളെവരെ ബാധിക്കും. കാട്ടുതീയിൽ ഏറ്റവും കൂടുതൽ ബലിയാടാകുന്നത് ഉരഗവർഗങ്ങളാണ്. ആവാസവ്യവസ്ഥ തകരുന്നതോടെ രക്ഷപ്പെടുന്നവക്കും അധികം ആയുസ്സുണ്ടാകാറില്ലെന്ന് വന നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.