സണ്ണി ഹാപ്പിയാണ്; ഉള്ളിൽ അനുജിത്തുണ്ട്
text_fieldsകൊച്ചി: കൊട്ടാരക്കര സ്വദേശി അനുജിത്തിന്റെ ഹൃദയം കൊണ്ട് എഴുതിച്ചേർത്തതാണ് തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിന്റെ ജീവിതം. ഇരു കുടുംബങ്ങളും തമ്മിലുള്ള അടുപ്പത്തിന് ഇപ്പോൾ രക്തബന്ധത്തേക്കാൾ ഇഴയടുപ്പമുണ്ട്. കൈവിട്ടുപോകുമായിരുന്ന തന്റെ ജീവനെ താങ്ങിനിർത്തിയ ആ കാരുണ്യത്തെ കണ്ണീരോടെയല്ലാതെ സണ്ണിക്ക് ഓർക്കാനാവില്ല.
കടംകൊണ്ട ഹൃദയത്തിന്റെ തുടിപ്പുകളുമായി നാല് വർഷം പിന്നിട്ട സണ്ണിയെന്ന 60 കാരനോട് ജീവിതം എങ്ങനെ എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി: ‘വളരെ ഹാപ്പിയാണ്’. 2012 മുതൽ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു തൃപ്പൂണിത്തുറ പുതിയകാവ് പാവംകുളങ്ങര ക്ഷേത്രത്തിന് സമീപം മുട്ടത്തുവീട്ടിൽ സണ്ണി തോമസ്. ഏഴ് വർഷം കഴിഞ്ഞപ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം 85 ശതമാനവും നിലച്ചു. മാറ്റിവെക്കൽ മാത്രമായിരുന്നു പോംവഴി. അവയവം കിട്ടാൻ സർക്കാരിന്റെ ‘മൃതസഞ്ജീവനി’ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തോളം കാത്തിരുന്നു. പ്രതീക്ഷകൾ നഷ്ടപ്പെട്ട്, മരണം മുന്നിൽ കണ്ട് തുടങ്ങിയ നാളുകൾ.
2020 ജൂലൈ 14ന് കൊട്ടാരക്കരയിലുണ്ടായ അപകടത്തിലാണ് എഴുകോൺ സ്വദേശി അനുജിത്തിന് (27) ഗുരുതര പരിക്കേറ്റത്. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ ജൂലൈ 21ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഇരുവരുടെയും രക്തഗ്രൂപ്പുകൾ യോജിക്കുന്നതിനാൽ ശസ്ത്രക്രിയക്ക് തിരക്കിട്ട നീക്കം തുടങ്ങി. മിന്നൽ വേഗത്തിൽ ഹെലികോപ്റ്റർ വഴി കൊച്ചിയിലെത്തിച്ച ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ സണ്ണിയിൽ തുന്നിപ്പിടിപ്പിച്ചു.
എയർ ആംബുലൻസ് വഴി അതിവേഗം മറ്റൊരാളുടെ ഹൃദയം ലക്ഷ്യസ്ഥാനത്ത് എത്തിച്ച് നടത്തിയ നാലാമത്തെ വിജയകരമായ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു അത്. അനുജിത്തിന്റെ ചെറുകുടൽ, കൈകൾ എന്നിവ മറ്റ് രോഗികൾക്കും ദാനം ചെയ്തു. അനുജിത്തിന്റെയും സണ്ണിയുടെയും വീട്ടുകാർ ഇന്നും ഒരു കുടുംബം പോലെയാണ്. അനുജിത്ത് മരിക്കുമ്പോൾ ഏക മകന് മൂന്ന് വയസ്സായിരുന്നു. ഇടക്കിടെ വിളിക്കും, വിശേഷങ്ങൾ പങ്കുവെക്കും. ആഘോഷ വേളകളിൽ സണ്ണി സമ്മാനങ്ങൾ കൊടുത്തയക്കും. സണ്ണിയുടെ മകളുടെ വിവാഹത്തിന് അനുജിത്തിന്റെ ഭാര്യയും മകനും അമ്മയും അച്ഛനുമെല്ലാം വന്നിരുന്നു.
ചില ആഗ്രഹങ്ങൾ കൂടിയുണ്ട്: ‘‘എന്റെ മറ്റ് രണ്ട് മക്കളുടെ ഉത്തരവാദിത്തങ്ങളും സ്വന്തമായുള്ള കുറച്ച് കടങ്ങളും കൂടി തീർന്നാൽ അനുജിത്തിന്റെ മോനെ പഠിപ്പിച്ച് നല്ലൊരു നിലയിലെത്തിക്കണം. കുടുംബ സമേതം അനുജിത്തിന്റെ വീട്ടിലൊന്ന് പോകണം. അതിനുള്ള ഒരുക്കത്തിലാണ്’’-തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിക്ക് സമീപം ‘സാംകോ’ എന്ന പേരിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന സണ്ണിയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.