കോവിഡ് രോഗികൾക്ക് നൽകിയ ഭക്ഷണത്തിൽ പുഴു
text_fieldsകോവളം: കോവിഡ് രോഗികൾക്ക് നൽകിയ പ്രഭാത ഭക്ഷണത്തിൽ ചത്ത പുഴുവിനെ കണ്ടതായി പരാതി. നഗരസഭയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സോണലിൽ വനിതകൾക്കായി തുടങ്ങിയ വെങ്ങാനൂർ നീലകേശി ഓഡിറ്റോറിയത്തിലെ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെൻറ് സെൻററിൽ വിളമ്പിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്.
ഇന്നലെ രാവിലെ ലഭിച്ച ഇഡ്ഡലിയിലും സാമ്പാറിലും പുഴുവിനെ കണ്ടതിനെതുടർന്ന് ഇവർ ബഹളമുണ്ടാക്കിയതോടെയാണ് ആശാവർക്കർ അടക്കമുള്ള ഉദ്യോഗസ്ഥർ കാര്യമറിഞ്ഞത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു.ബി.പി, കൗൺസിലർ സിന്ധു വിജയൻ എന്നിവർ പകരം ദോശയും ചമ്മന്തിയുമെത്തിച്ച് നൽകിയാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരം കണ്ടത്. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം മൊബൈൽ സ്‌ക്വാഡിലെ ഉദ്യോഗസ്ഥൻ സക്കീർ ഹുസൈൻ എത്തി പുഴുവിരുന്ന ഭക്ഷണവും പാത്രങ്ങളും എല്ലാം പരിശോധിച്ചു.
സെൻററിലേക്ക് ഭക്ഷണം തയാറാക്കിനൽകുന്ന കോവളത്തുള്ള കുടുംബശ്രീ യൂനിറ്റിലും പരിശോധന നടത്തി.
ഭക്ഷണത്തിൽ പുഴുവിനെ കണ്ട വിഷയത്തിൽ യൂനിറ്റുടമക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും തുടർനടപടിക്കായി ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമീഷണർ അലക് സ് ഐസക്കിന് റിപ്പോർട്ട് നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.