Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിരബാധ കുട്ടികളുടെ...

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും-വീണ ജോര്‍ജ്

text_fields
bookmark_border
വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും-വീണ ജോര്‍ജ്
cancel

തിരുവനന്തപുരം: വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്‌നമായതിനാല്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. കുട്ടികളില്‍ വിളര്‍ച്ചക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1 മുതല്‍ 14 വയസ് വരെയുളള 64 ശതമാനം കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. ഒരു വര്‍ഷത്തില്‍ 6 മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം വിര നശീകരണത്തിനുള്ള ഗുളിക നല്‍കേണ്ടതാണ്. സ്‌കൂളുകളും അംഗണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കിവരുന്നു. എല്ലാ കുട്ടികളും വിര നശീകരണത്തിനുള്ള ഗുളിക കഴിച്ചുവെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.

നവംബര്‍ 26-നാണ് ഈ വര്‍ഷം വിര വിമുക്ത ദിനമായി ആചരിക്കുന്നത്. അന്നേദിവസം വിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് അവിടെനിന്നും വിദ്യാലയങ്ങളില്‍ എത്താത്ത ഒന്ന് മുതല്‍ 19 വയസുവരെ പ്രായമുളള കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്നും ഗുളിക നല്‍കുന്നതാണ്. ഏതെങ്കിലും കാരണത്താല്‍ നവംബര്‍ 26-ന് ഗുളിക കഴിക്കുവാന്‍ സാധിക്കാതെ പോയ കുട്ടികള്‍ക്ക് ഡിസംബര്‍ മൂന്നിന് ന് ഗുളിക നല്‍കുന്നതാണ്. ഈ കാലയളവില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന ഈ പ്രായത്തിലുളള കുട്ടികള്‍ ഗുളിക കഴിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് ഗുളിക നല്‍കേണ്ടതാണ്.

ഒന്ന് മുതല്‍ രണ്ട് വയസുവരെ അര ഗുളികയും (200 മില്ലിഗ്രാം), രണ്ട് മുതല്‍ 19 വയസുവരെ ഒരു ഗുളികയും (400 മില്ലിഗ്രാം) നല്‍കണം. ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെളളത്തില്‍ ഗുളിക അലിയിച്ചു കൊടുക്കണം. മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെളളം കുടിക്കുകയും വേണം.

അസുഖമുളള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല. അസുഖം മാറിയതിനു ശേഷം ഗുളിക നല്‍കാവുന്നതാണ്. ഗുളിക കഴിച്ചതിനു ശേഷം സാധാരണയായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ല. എന്നാല്‍ വിരബാധ കൂടുതലുളള കുട്ടികളില്‍ ഗുളിക കഴിക്കുമ്പോള്‍ അപൂര്‍വമായി വയറുവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയവ ഉണ്ടായോക്കാം.

വിരബാധ ഏറെ ശ്രദ്ധിക്കണം

വിരബാധ എല്ലാ പ്രായക്കാരെയും ബാധിക്കുമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. മണ്ണില്‍ കളിക്കുകയും പാദരക്ഷകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ വിരബാധയുണ്ടാകാനുളള സാധ്യത കൂടുതലാണ്. ശരീരത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷക ഘടകങ്ങള്‍ വിരകള്‍ വലിച്ചെടുക്കുമ്പോള്‍ ശരീരത്തില്‍ പോഷണക്കുറവ് അനുഭവപ്പെടുകയും അത് വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. സാധാരണ കുടലിലാണ് വിരകള്‍ കാണപ്പെടുന്നത്. ഉരുളന്‍ വിര (റൗണ്ട് വേം), കൊക്കൊപ്പുഴു (ഹുക്ക് വേം), കൃമി (പിന്‍ വേം), നാട വിര (ടേപ്പ് വേം) ചാട്ട വിര (വിപ്പ് വേം) എന്നിവയാണ് സാധാരണ കാണുന്ന വിരകള്‍.

വിരബാധയുളള ആളുകളില്‍ ഉത്സാഹക്കുറവ്, ക്ഷീണം, വിളര്‍ച്ച, വയറുവേദന, തലകറക്കം, ഛര്‍ദ്ദി, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം മുതലായവ ഉണ്ടാകാം. കുട്ടികളില്‍ വിരകളുടെ തോത് വളരെ കൂടുതലാണെങ്കില്‍ കുടലിന്റെ പ്രവര്‍ത്തനം തടസപ്പെടാനും ശരിയായ ചികിത്സ യഥാസമയം ലഭ്യമായില്ലെങ്കില്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവര്‍ഗ വികസനം തുടങ്ങിയ വകുപ്പുകള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി സംയോജിച്ചാണ് ജില്ലകളില്‍ പരിപാടി നടപ്പിലാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Worm infestationMinister Veena George
News Summary - Worm infestation can seriously affect the health of children - Veena George
Next Story