ചൂരൽമല ദുരന്ത ബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ നൽകിയെന്ന്; മേപ്പാടി പഞ്ചായത്തിൽ പ്രതിഷേധം, സംഘർഷം
text_fieldsമേപ്പാടി (വയനാട്): മുണ്ടക്കൈ-ചൂരല്‍മല ഉരുൾ ദുരന്തബാധിതര്‍ക്ക് വിതരണംചെയ്തത് പുഴുവരിച്ച ഭക്ഷ്യക്കിറ്റ്. താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ 19ാം വാര്‍ഡായ കുന്നമ്പറ്റയില്‍ വാടകക്കു താമസിക്കുന്ന മുണ്ടക്കൈ, ചൂരല്‍മല സ്വദേശികളായ മൂന്നു കുടുംബങ്ങള്‍ക്ക് ബുധനാഴ്ച വിതരണംചെയ്ത കിറ്റിലാണ് ഉപയോഗ ശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചത്.
കിറ്റില്‍ ലഭിച്ച അരിയും ആട്ടയും റവയുമാണ് ഉപയോഗ ശൂന്യമായിരുന്നത്. പ്രാണികള്‍ നിറഞ്ഞ ആട്ടയും റവയും കട്ടപിടിച്ച് പുഴുവരിക്കുന്ന അരിയുമാണ് കിറ്റിലുണ്ടായിരുന്നത്. ഉപയോഗയോഗ്യമല്ലാത്ത വസ്ത്രങ്ങളും കിറ്റിലുണ്ടായിരുന്നുവെന്ന് ദുരന്ത ബാധിതർ പറയുന്നു.
സംഭവം വിവാദമായതോടെ പരസ്പരം പഴിചാരി ഡി.വൈ.എഫ്.ഐയും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും രംഗത്തെത്തിയത് സംഘർഷത്തിനിടയാക്കി. റവന്യൂ വകുപ്പ് നല്കിയ കിറ്റാണ് ഇവയെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്ഥരാണ് വിതരണംചെയ്തതെന്നും ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. എന്നാല്‍, ഓണത്തിന് മുമ്പ് വിതരണം ചെയ്യാന്‍ എത്തിച്ച ഭക്ഷ്യകിറ്റുകളാണ് ഇതെന്നായിരുന്നു ഡി.വൈ.എഫ്.ഐ ആരോപണം. തുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
ഈ സമയം മുറിയിലുണ്ടായിരുന്ന യു.ഡി.എഫ് ഭരണസമിതിയംഗങ്ങളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പിന്നീട് ഫ്രണ്ട് ഓഫിസിലിരുന്ന് പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ എത്തിയ ബി.ജെ.പി മാർച്ചിലും സംഘർഷമുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും നാല് ബി.ജെ.പി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.
വൈകീട്ട് മൂന്നു മണിയോടെ കലക്ടര്‍ക്ക് പരാതി നല്‍കാനെത്തിയ മേപ്പാടി ഗ്രാമപഞ്ചായത്തംഗങ്ങളെ കലക്ടറുടെ ചേംബറിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഇതോടെ ഭരണസമിതിയംഗങ്ങള്‍ ചേംബറിനു മുന്നില്‍ കുത്തിയിരുന്നു. നാലുമണിയോടെ ചേംബറിലെത്തിയ കലക്ടര്‍ക്ക് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു എന്നിവര്‍ നേരിട്ട് പരാതി നല്കി.
വിതരണത്തിനെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധന നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പായിട്ടില്ലെന്ന് കലക്ടര്‍ ചര്‍ച്ചയില്‍ പറഞ്ഞതായി അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. അതേസമയം, മേപ്പാടിയിൽ ദുരന്ത ബാധിതർക്ക് ഉപയോഗയോഗ്യമല്ലാത്ത ചില ഭക്ഷ്യവസ്തുക്കൾ വിതരണംചെയ്യാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ല കലക്ടർ മേഘശ്രീ അറിയിച്ചു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയതായും കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.