കുട്ടികൾ ഗർഭിണികളാകുന്നതിൽ ആശങ്ക; സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കുട്ടികൾ ഗർഭിണികളാകുന്ന സംഭവങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈകോടതി. ലൈംഗിക ബന്ധത്തിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിൽ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന് കഴിയുന്നില്ലെന്നും സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുന്ന കാര്യത്തിൽ പുനഃപരിശോധന വേണമെന്നും ജസ്റ്റിസ് വി.ജി. അരുൺ നിർദേശിച്ചു. 13കാരിയുടെ 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശങ്ങൾ.
പ്രായപൂർത്തിയാകാത്ത സഹോദരനിൽനിന്നാണ് പെൺകുട്ടി ഗർഭം ധരിച്ചത്. കുട്ടികൾ ഗർഭം ധരിക്കുന്ന സംഭവങ്ങൾ കൂടിവരുകയാണെന്നും ഇവയിൽ ചിലതിലെങ്കിലും അടുത്ത ബന്ധുക്കളാണ് പ്രതികളെന്നും കോടതി പറഞ്ഞു.
ഇന്‍റർനെറ്റിൽ നീലച്ചിത്രങ്ങൾ സുലഭമായ സാഹചര്യം കുട്ടികളെ വഴിതെറ്റിക്കുന്നുണ്ട്. ഇത് ഇവരുടെ മനസ്സിൽ തെറ്റായ ആശയങ്ങൾ പകർന്നുനൽകുന്നു. ഇന്‍റർനെറ്റിന്‍റെയും സമൂഹ മാധ്യമങ്ങളുടെയും സുരക്ഷിത ഉപയോഗത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്.
ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം സംബന്ധിച്ച മറ്റൊരു ബെഞ്ചിന്‍റെ പരാമർശവും കോടതി എടുത്തുപറഞ്ഞു. ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്‌കരിക്കാൻ ഈ നിയമ വ്യവസ്ഥകൾ പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെയും സി.ബി.എസ്.ഇയെയും സംസ്ഥാന ലീഗൽ സർവിസ് അതോറിറ്റിയെയും ബെഞ്ച് കക്ഷി ചേർത്തിരുന്നു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയ കോടതി പെൺകുട്ടിയുടെ ഗർഭച്ഛിദ്രത്തിന് ഉപാധികളോടെ അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.