ആശങ്കയൊഴിയാതെ പെരിയാർ തീരം
text_fieldsആലുവ: പെരിയാർ കരകവിഞ്ഞതിനെ തുടർന്ന് ദുരിതത്തിലായ തീരപ്രദേശങ്ങളിൽ ആശങ്ക ഒഴിയുന്നില്ല. ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടതോടെ നാട്ടുകാർ ഭീതിയിലാണ്. വ്യാഴാഴ്ച ഇടമലയാർ ഡാം തുറന്നപ്പോൾ തന്നെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം കൂടിയായപ്പോൾ പെരിയാറിൽ ജലനിരപ്പ് ഉയരുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു.
വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഇടമലയാർ അണക്കെട്ട് തുറന്നതെങ്കിലും അതിന് മുമ്പേ ആലുവ മേഖലയിൽ പുഴയിൽ ജലനിരപ്പ് വളരെ ഉയർന്നിരുന്നു. മലയോര മേഖലയിൽ മഴ ശക്തമായതും ഭൂതത്താൻകെട്ട് തുറന്നതുമാണ് ജലനിരപ്പ് നേരത്തേ ഉയരാൻ ഇടയാക്കിയത്. ആലുവ നഗരത്തിൽ പൊതുവിൽ ജലനിരപ്പ് വളരെ താഴെയാണുണ്ടാകാറുള്ളത്. വെള്ളം ഉയരുന്ന സന്ദർഭങ്ങളിൽ പോലും മണപ്പുറം ഭാഗത്താണ് കൂടുതൽ വെള്ളം കയറാറുള്ളത്. അപ്പോഴും നഗരത്തിൻറെ മറ്റുഭാഗങ്ങളിലേക്ക് വെള്ളം കയറാറില്ല. എന്നാൽ, നഗരത്തിൽ ഏറെ താഴ്ഭാഗത്തായിരുന്ന ജലനിരപ്പ് വ്യാഴാഴ്ച വൈകീട്ടോടെ പലഭാഗത്തും കരകവിഞ്ഞ അവസ്‌ഥയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയും ഇതിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.
ഇതിനിടയിലാണ് ചെറുതോണിയിൽ നിന്ന് കൂടുതൽ വെള്ളം പുറത്തു വിട്ടിട്ടുള്ളത്. ഇത് ആലുവ മേഖലയിൽ കൂടുതൽ വെള്ളം കയറാൻ ഇടയാക്കിയേക്കും. നിലവിൽ നഗരത്തിന് പുറമെ സമീപ ഗ്രാമങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. തുരുത്ത്, കുഞ്ഞുണ്ണിക്കര, ഉളിയന്നൂർ ദ്വീപുകളിൽ വെള്ളം കയറി. കീഴ്മാട്, ചൂർണിക്കര പഞ്ചായത്തുകളിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. പെരിയാറിെൻറ കൈവഴികളിലൂടെ ഗ്രാമപ്രദേശങ്ങളിലേക്ക് വെള്ളം പാഞ്ഞുകയറുകയായിരുന്നു.
മണപ്പുറം പൂര്‍ണമായും വെള്ളത്തിനടയിലായതോടെ കര്‍ക്കടക വാവ് ബലിതര്‍പ്പണം ഉയർന്ന പ്രദേശത്തേക്ക് മാറ്റേണ്ടിവരും. ശനിയാഴ്ച പുലര്‍ച്ചെ നാല് മണി മുതല്‍ ഉച്ചവരെയാണ് വാവ് ബലിത്തര്‍പ്പണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.