പേവിഷമരണങ്ങളിൽ ആശങ്ക; വാക്സിനേഷനും വന്ധ്യംകരണവും ഇഴയുന്നു
text_fieldsതിരുവനന്തപുരം: പേവിഷമരണങ്ങൾ ആശങ്കപരത്തിയിട്ടും തെരുവുനായ്ക്കളുടെ വാക്സിനേഷനും വന്ധ്യംകരണവും പ്രതിസന്ധിയിൽ. സംസ്ഥാനത്തെ ആറ് കോർപറേഷനുകൾക്കുപുറമെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു വന്ധ്യംകരണകേന്ദ്രം വീതം അടിയന്തരമായി സജ്ജമാക്കുമെന്നായിരുന്നു ഒന്നരവർഷം മുമ്പ് തദ്ദേശവകുപ്പ് പ്രഖ്യാപിച്ചത്. പ്രതിരോധനടപടികൾ പാളിയതോടെ സ്കൂൾ കുട്ടികളിൽ പേവിഷബാധക്കെതിരെ അവബോധം സൃഷ്ടിക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ തീരുമാനിച്ചിരിക്കുകയാണ്.
അടുത്തിടെ സംഭവിച്ച പേവിഷമരണങ്ങളിൽ കുട്ടികൾ കൂടി ഉൾപ്പെട്ടതിനാലാണ് അലംഭാവം വെടിയാനും അവബോധം സൃഷ്ടിക്കാനും സ്കൂളുകളിൽ പ്രത്യേക അസംബ്ലിക്ക് നിർദേശം.
നായുടെ കടിയേൽക്കാതിരിക്കാനും കടിയേറ്റാൽ അടിയന്തരമായി ചികിത്സ തേടുന്നതിന് കുട്ടികളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം. പേക്ഷ, തെരുവുനായ്ക്കളുടെ എണ്ണം കുറക്കാനും പേവിഷബാധ പ്രതിരോധിക്കാനും ആവിഷ്കരിച്ച വന്ധ്യംകരണ പദ്ധതികളും വാക്സിനേഷനും മുടന്തുകയാണ്.
സ്കൂൾ പരിസരങ്ങൾ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. സ്കൂൾ കുട്ടികൾ പലർക്കും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നതും പതിവാണ്. സ്കൂളിലേക്കുള്ള വഴികളിൽ മാത്രമല്ല, സ്ക്കൂൾവളപ്പിലും ക്ലാസ്മുറികളിലും വരെ നായ്ശല്യം രൂക്ഷമായ സ്ഥലങ്ങളുമുണ്ട്. കോർപറേഷനുകളിൽ ആറ്, 152 ബ്ലോക്ക് പഞ്ചായത്തുകൾക്കായി 76, എന്നിങ്ങനെ 82 വന്ധ്യംകരണ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കേണ്ടത്. എന്നാൽ നിലവിൽ 18 എണ്ണം മാത്രമാണുള്ളത്.
കോർപറേഷനുകളിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് പേരിനെങ്കിലും ഈ കേന്ദ്രമുള്ളത്. കണ്ണൂർ കോർപറേഷനിൽ ഇനിയും സജ്ജമായിട്ടില്ല.
പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്രങ്ങളില്ല. 2023ലെ കേന്ദ്ര എ.ബി.സി ചട്ടം വന്ധ്യംകരണത്തിന് തടസ്സമെന്നാണ് സംസ്ഥാനം പറയുന്നത്.
2000 ശസ്ത്രക്രിയകൾ നടത്തിയ വെറ്ററിനറി സർജൻ വേണമെന്നാണ് കേന്ദ്രം മുന്നോട്ടുവെച്ച നിർദേശം. പിന്നീട് സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം കേന്ദ്രം നിബന്ധ ഒഴിവാക്കി നിയമം ലഘൂകരിച്ചെങ്കിലും കാര്യമായി മുന്നോട്ടുപോയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.