ആരാധന ആചാരമാകരുത്
text_fieldsവിശുദ്ധ റമദാനിൽ ഇനി ബാക്കിയുള്ളത് ഏതാനും ദിനരാത്രങ്ങൾ മാത്രം. വിശ്വാസിസമൂഹം പ്രാർഥനകളിൽ മുഴുകി സ്രഷ്ടാവിനോട് ഏറ്റവും അടുത്ത് ഇടപഴകുന്ന ഭക്തിനിർഭരമായ നിമിഷങ്ങൾ. ഇൗ വിശുദ്ധിയാണ് ജീവിതം മുഴുവൻ വിശ്വാസിക്ക് അഭികാമ്യമായിട്ടുള്ളത്. റമദാൻ വിടപറയുന്നതോടെ അത്തരം സുകൃതങ്ങളോടും വിടപറയുന്ന പ്രവണത ഉണ്ടായിക്കൂടാ.
ഇന്ന് ആരാധനാകർമങ്ങൾ കേവലം ആചാരമായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ്. ശക്തമായ മനസ്സാന്നിധ്യത്തിലൂടെ മാത്രമേ അതിനെ അതിജീവിക്കാനാവൂ. സമയ സന്ദർഭമില്ലാതെ ആരാധനയിൽ മുഴുകി ദൈവസാമീപ്യം കരസ്ഥമാക്കേണ്ട മനുഷ്യൻ ‘മരണം വരുന്നതുവരെ നീ നിെൻറ നാഥനെ ആരാധിക്കുക’ (അൽ ഹിജ്ർ: 99) എന്ന ദൈവിക കൽപന ഉൾക്കൊള്ളേണ്ടവനാണ്. ഒരുമാസക്കാലയളവിൽ നേടിയെടുത്ത പുണ്യവും വിശുദ്ധിയും വരുംമാസങ്ങളിൽ കൂടുതൽ വർധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.
ആത്മസംസ്കരണ പൂർത്തീകരണത്തിന് പശ്ചാത്താപം കൂടി വിശ്വാസിയുടെ മുഖമുദ്രയാക്കേണ്ടതുണ്ട്. പ്രവാചകൻ പറഞ്ഞു: ‘‘മരുഭൂമിയിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കെ വാഹനവും ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും നഷ്ടപ്പെട്ട് നിരാശനായ ഒരാൾക്ക് എല്ലാം തിരിച്ചുകിട്ടുകയും ആസന്നമായ നാശത്തിൽനിന്നു രക്ഷപ്പെടുകയും ചെയ്യുേമ്പാൾ എത്ര സന്തോഷമനുഭവിക്കുമോ അതിേനക്കാൾ വലിയ സന്തോഷമാണ് ഒരു അടിമ തൗബചെയ്ത് തിരിച്ചുവരുേമ്പാൾ അല്ലാഹുവിനുണ്ടാകുന്നത്’’ (മുസ്ലിം).
ജീവിതയാത്രക്കിടയിൽ വന്നുപോയ തെറ്റുകളിൽനിന്ന് ഖേദിച്ച് മടങ്ങുന്നത് അല്ലാഹുവിന് ഏറെ ഇഷ്ടമാണ്. അടിമയുടെ പശ്ചാത്താപം സ്വീകരിക്കാൻ അല്ലാഹു സദാ തയാറായിരിക്കുകയാണെന്നാണ് നബിവചനം. പാപമോചനത്തിനും നല്ല നടപ്പിനുമുള്ള സമ്പൂർണ തയാറെടുപ്പാകണം അവശേഷിക്കുന്ന നാളുകൾ. ഭയവും പ്രതീക്ഷയുമാണ് വിശ്വാസിക്ക് അഭികാമ്യമായ വഴി.
മുഴുവൻ സൃഷ്ടികളെയും ഉൾക്കൊള്ളാവുന്നതിനപ്പുറമാണ് അല്ലാഹുവിെൻറ കാരുണ്യം. അത് പ്രതീക്ഷിക്കുക വിശ്വാസിയുടെ കടമയാണ്. ‘വഴിപിഴച്ചവരല്ലാതെ അല്ലാഹുവിെൻറ കാരുണ്യത്തിൽനിന്ന് നിരാശരാവുകയില്ല’ (അൽ ഹിജ്ർ: 56). പ്രപഞ്ചനാഥെൻറ കാരുണ്യത്തിൽ പ്രതീക്ഷ വെച്ചുപുലർത്തുന്ന നല്ലവനായ വിശ്വാസിയെ ദൈവം കൈവിടില്ലെന്ന് തീർച്ച. അത്തരം പ്രതീക്ഷ നമ്മെ ദൈവസാമീപ്യത്തിലെത്തിലേക്കായിരിക്കണം കൊണ്ടെത്തിക്കുന്നത്. വ്രതത്തിലൂടെ നേടിയെടുക്കുന്ന ചൈതന്യവും ഒൗന്നത്യവും പരമാവധി കാത്തുസൂക്ഷിക്കാൻ ദൈവം അനുഗ്രഹിക്കെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.