രാമായണം ലോകസമ്പത്ത്
text_fieldsഒാരോ തവണ വായിക്കുേമ്പാഴും പുതിയ അറിവുകളും അനുഭവങ്ങളുമാണ് രാമായണം നൽകുന്നത്. വായനക്കാരുടെ അഭിരുചിക്കനുസരിച്ച് വിലയിരുത്താൻ കഴിയുന്ന ക്ലാസിക്കൽ കൃതി. അറിവുകളുടെ ശേഖരം. രാമായണത്തിലെ സംവാദശൈലി അറിവുകളുടെയും ചിന്തകളുടെയും വലിയ കലവറയാണ് തുറന്നുവെക്കുന്നത്. സംവാദങ്ങളിലെല്ലാം എക്കാലത്തും ഉൾക്കൊള്ളാൻ കഴിയുന്ന ഒരുപാട് സത്യങ്ങൾ നിറഞ്ഞുനിൽക്കുന്നു. ലവകുശന്മാർ പിതാവായ രാമനോട് നടത്തിയ സംവാദത്തിനും ഏറെ പ്രത്യേകതയുണ്ട്. ഇതിനെ മനസ്സിരുത്തി വായിച്ച പഴയ തലമുറയിൽ ഇതിെൻറ നന്മകൾ തെളിഞ്ഞുകാണാൻ കഴിയുമായിരുന്നു. രാമായണം വായിച്ച ശേഷം രാമൻ സീതയെ കാട്ടിലുപേക്ഷിച്ചതിെൻറ ന്യായം അവർ ചർച്ചചെയ്തിരുന്നു.
എല്ലാം ത്യജിച്ച് രാമനോടൊപ്പം വനവാസത്തിന് പോകാൻ തയാറായ ഭരതെൻറ പ്രവൃത്തി ആർത്തിയുടെ പുതിയ കാലത്ത് കൂടുതൽ ചർച്ചയാക്കപ്പെടേണ്ടതാണ്. മാനവികമായ ഒട്ടനവധി മൂല്യങ്ങളാണ് വായിച്ചെടുക്കാൻ കഴിയുന്നത്. ശരിയായ അറിവ് നേടുന്നവർക്ക് ദൈവത്തെ കാണാൻ കഴിയുമല്ലോ. ഇതിനെ മനസ്സിരുത്തി വായിച്ചിരുന്ന പഴയ തലമുറ അതിെൻറ മാനുഷിക മൂല്യം ഉൾക്കൊണ്ട് ജീവിച്ച് മാതൃക കാട്ടിയവരാണ്. അതുകൊണ്ടുതന്നെ അവരാരും പ്രകൃതിയെ കളങ്കപ്പെടുത്തിയിരുന്നില്ല. ജലം മലിനമാക്കിയില്ല. ഭൂമിക്കുവേണ്ടി അത്യാഗ്രഹം കാണിച്ചില്ല. മണ്ണിൽ പണിയെടുത്ത് മായംകലരാത്ത ഭക്ഷണം മറ്റുള്ളവർക്കായി വിളവെടുത്ത് നൽകി. എന്നാൽ, ഭൗതിക അറിവുകൾ കൂടുതലായി നേടിയവർ ഇന്ന് പലനിലക്കും മനുഷ്യനെ കൊല്ലുകയാണ്. ഭൂമിയെ അവർ മലിനമാക്കി. പ്രകൃതിയെ നശിപ്പിച്ചു. വരും തലമുറക്ക് അവകാശപ്പെട്ടവകൂടി കവർന്നെടുത്തു. രാമായണത്തെ ശരിയായി വായിക്കാത്തവർ അതിനെ രാഷ്ട്രീയമായും ദുരുപയോഗം ചെയ്തു. വിദ്യാഭ്യാസമില്ലാത്ത കാരണവന്മാർ കാട്ടിയ നന്മയെ നശിപ്പിക്കുന്ന തരത്തിലാണ് അറിവ് നേടിയ പുതിയ തലമുറയുടെ ഇടപെടൽ. ഭക്തിക്കപ്പുറം രാമായണത്തിലെ ശരിതെറ്റുകൾ വിലയിരുത്തണം. വായനക്കാരുടെ രീതി അനുസരിച്ച് പലതരത്തിൽ വായിക്കാൻ കഴിയുന്ന ഒന്നാണത്.
ഒാരോരുത്തരുടെയും ചിന്തയനുസരിച്ച് ഉൾക്കൊള്ളാനാകും. ലോകത്തിെൻറ സമ്പത്തായ രാമായണത്തെ സങ്കുചിതമായി ഏതെങ്കിലും വിഭാഗത്തിലേക്ക് ചുരുക്കാൻ പാടില്ല. ഇതിെൻറ സന്ദേശങ്ങൾ പുതുതലമുറക്ക് നല്ലനിലയിൽ കൈമാറപ്പെടണം. നൂറുകണക്കിന് കഥാപാത്രങ്ങളും സംഭവങ്ങളും വിവിധ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന രാമായണത്തിലെ ചുരുക്കം കഥാപാത്രങ്ങൾ മാത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇതിന് മാറ്റമുണ്ടാകണം. രാമായണത്തിെൻറ നന്മനിറഞ്ഞ സന്ദേശങ്ങൾ വ്യാപകമായി ചർച്ചയാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.