ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു
text_fieldsകാസർകോട്: പ്രമുഖ എഴുത്തുകാരനും നിരൂപകനുമായ ഇബ്രാഹിം ബേവിഞ്ച(69) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് എഴുത്തിൽനിന്നും പൊതുപ്രവർത്തനത്തിൽനിന്നും മാറിനിന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10നായിരുന്നു അന്ത്യം.
1954 മേയ് 30ന് ബേവിഞ്ചയിലെ അബ്ദുല്ലക്കുഞ്ഞി മുസ്‍ലിയാരുടെയും ചെമ്പിരിക്കയിലെ ഉമ്മാലി ഉമ്മയുടെയും മകനായി ജനിച്ച ഇബ്രാഹിം ബേവിഞ്ച, കാസര്‍കോട് ഗവ. കോളജില്‍നിന്ന് ബി.എ ഇംഗ്ലീഷ് ബിരുദവും പട്ടാമ്പി സംസ്‌കൃത കോളജില്‍നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് എം.ഫിലും നേടി. എം.ടി. വാസുദേവൻ നായരുടെ ചെറുകഥകളായിരുന്നു എം.ഫില്‍ വിഷയം.
കാസര്‍കോട് ഗവ. കോളജില്‍ 24 വര്‍ഷം അധ്യാപകനായിരുന്നു. കണ്ണൂര്‍ ഗവ. വിമന്‍സ് കോളജില്‍ ഒരു വര്‍ഷവും മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളജില്‍ നാലുവര്‍ഷവും മലയാളം അധ്യാപകനായി. ഇതിനിടെ, എഴുത്തിലേക്ക് കടന്ന ബേവിഞ്ച പ്രതിവാര കോളവും സാഹിത്യ നിരൂപണങ്ങളും കൊണ്ട് സാംസ്കാരികമേഖലയിൽ നിറഞ്ഞുനിന്നു. ‘മാധ്യമം’ പത്രത്തിൽ അഞ്ച് വർഷം ‘കാര്യവിചാരം’, ‘മാധ്യമം വാരാദ്യ’ത്തില്‍ ആറു വര്‍ഷം ‘കഥ പോയമാസത്തില്‍’ എന്നീ കോളങ്ങൾ കൈകാര്യം ചെയ്തു. ‘ചന്ദ്രിക’ പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ 18 വര്‍ഷം ‘പ്രസക്തി’, ‘തൂലിക’ മാസികയില്‍ ‘വിചിന്തനം’, ‘രിസാല’ വാരികയില്‍ ‘പ്രകാശകം’ എന്നീ കോളങ്ങളും അദ്ദേഹത്തിന്‍റേതായുണ്ടായി.
‘ഉബൈദിന്റെ കവിതാ ലോകം’, ‘ഇസ്‍ലാമിക സാഹിത്യം മലയാളത്തില്‍‘, ‘പ്രസക്തി’, ‘മുസ്‍ലിം സാമൂഹിക ജീവിതം മലയാളത്തില്‍’, ‘പക്ഷിപ്പാട്ട്: ഒരു പുനര്‍വായന’, ‘ബഷീര്‍: ദ മുസ്‍ലിം’, ‘നിള തന്ന നാട്ടെഴുത്തുകള്‍’, ‘ഉബൈദിന്റെ തീപിടിച്ച പള്ളിയും പി. കുഞ്ഞിരാമന്‍ നായരുടെ കത്തുന്ന അമ്പലവും’, ‘ഖുര്‍ആനും ബഷീറും’ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
അബൂദബി കാസര്‍കോട് ജില്ല കെ.എം.സി.സി അവാര്‍ഡ് ഉൾപ്പെടെ 12 പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ‘ചന്ദ്രിക’ ദിനപത്രത്തില്‍ സഹ പത്രാധിപരായി ജോലി ചെയ്തിരുന്നു. കേരള സാഹിത്യ അക്കാദമി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, കോഴിക്കോട് സര്‍വകലാശാല പി.ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, യു.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2010 മാര്‍ച്ചില്‍ കോളജ് അധ്യാപകവൃത്തിയില്‍നിന്ന് വിരമിച്ചു. പാർകിൻസൺ രോഗം ബാധിച്ചതോടെ വിശ്രമജീവിതത്തിലേക്ക് മാറി.
ഭാര്യ: ടി.പി. ഷാഹിദ, മക്കൾ: ശബാന റഫീഖ്, റിസ്വാന സവാദ്, ശിബിലി അജ്മൽ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ബേവിഞ്ച തെക്കിൽ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.