കാട്ടുപന്നി: മേനക ഗാന്ധിക്ക് രേഖാമൂലം മറുപടി നല്‍കും- മന്ത്രി
text_fieldsതിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്ക്ക് അധികാരം നല്കിയ വനംവകുപ്പ് ഉത്തരവിനെതിരെ രംഗത്തുവന്ന ബി.ജെ.പി എം.പി മേനക ഗാന്ധിക്ക് രേഖാമൂലം മറുപടി നല്കാന് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി എ.കെ. ശശീന്ദ്രന് നിർദേശം നല്കി. നിലവിലുള്ള കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന വിധത്തില്‍ മാത്രമാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്. കാട്ടുപന്നികളെ കൊല്ലാൻ പാടില്ലെന്ന് ആവശ്യപ്പെട്ടും സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചും വനംമന്ത്രിക്ക് മേനക ഗാന്ധി കത്തയച്ചിരുന്നു.
വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരുടെയും മറ്റ് ജനങ്ങളുടെയും ദുരിതത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള സര്‍ക്കാർ ബാധ്യതയാണ് ഇതിലൂടെ നിറവേറ്റാന്‍ ശ്രമിക്കുന്നത്. വനത്തില്‍ കടന്ന് കാട്ടുപന്നികളെ വെടിവെക്കാനും നശിപ്പിക്കാനും സര്‍ക്കാര്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നല്ല ഉദ്ദേശ്യത്തെ തകിടം മറിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള സര്‍ക്കാറിന്റെ ആവശ്യം നിരന്തരം നിരാകരിക്കുകയും ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടര്‍ച്ചയായി തെറ്റിദ്ധാരണജനകമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍, ജനങ്ങളുടെ ദുരിതം കാണാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.